മദ്യക്കടകൾ പലതും പൂട്ടിയ സാഹചര്യത്തിൽ ഉപഭോക്താക്കളിൽ നിന്ന് അമിത വില ഈടാക്കുന്ന ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടുമെന്നും ക്രിമിനൽ കേസെടുക്കുമെന്നും ബവ്റിജസ് കോർപറേഷൻ എംഡിയുടെ മുന്നറിയിപ്പ്.
ബവ്റിജസ് കോർപറേഷനിലെ റീജനൽ മാനേജർമാർക്കും വെയർഹൗസ് മാനേജർമാർക്കും അയച്ച കത്തിലാണ് എംഡി എച്ച്. വെങ്കിടേശ് ഇക്കാര്യം വ്യക്തമാക്കിയത്. വിൽപനശാലകൾക്കു മുന്നിലെ നീണ്ട നിരയും തിരക്കുള്ള സമയവും മുതലെടുത്തു ചില മദ്യബ്രാൻഡുകൾ പൂഴ്ത്താനും ചിലതിനു ക്ഷാമമുണ്ടെന്നു വരുത്തി ആവശ്യക്കാരെ ചൂഷണം ചെയ്യാനും ജീവനക്കാരിൽ ചിലർ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമാണ്.
ഇത്തരം ആരോപണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കൈക്കൂലിയായി മദ്യമോ പണമോ മറ്റു പാരിതോഷികങ്ങളോ വാങ്ങുന്നതിൽനിന്നു ജീവനക്കാർ വിട്ടുനിൽക്കണമെന്നും ജോലിയിൽ സത്യസന്ധത പുലർത്തണമെന്നും കത്തിൽ പറയുന്നു.