സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്കി കോടിയേരി ബാലകൃഷ്ണന്. പ്രതിപക്ഷത്തിന് ആയുധം കൊടുക്കുന്ന വാക്കോപ്രവര്ത്തിയോ ഇടതുമുന്നണിയില്‍ ആരുടേയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. ഭിന്നതകള്‍ പരിഹരിക്കാന്‍ ദേശീയതലത്തില്‍ തന്നെ ഉഭയകക്ഷി ചര്‍ച്ചയാകാമെന്നും കോടിയേരി ബാലകൃഷ്ണന് കണ്ണൂരില്‍ പറഞ്ഞു.
സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയ കാനംരാജേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് രണ്ടു ദിവസമെടുത്ത് ആലോചിച്ചുറപ്പിച്ചായിരുന്നു കോടിയേരിയുടെ പ്രതികരണം.മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് ആരുടേയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കോടിയേരി കാനത്തെ ഒാര്‍മിപ്പിച്ചു.
മൂന്നാര്‍ കയ്യേറ്റം കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല. കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് സിപിഎം നിലപാട്. രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതും കോടിയേരി പിന്തുണച്ചു.
ഭിന്നതകള്‍ പരിഹരിക്കാന്‍ സിപിഐയും സിപിഎമ്മും ഉഭയകക്ഷിചര്‍ച്ച നടത്താന്‍ തയാറാണ്. സിപിഐയുമായി പ്രശ്നങ്ങളിലെന്നും സഹോദരപാര്ട്ടിയാണെന്നും വിശദീകരിച്ചാണ് കോടിയേരി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.