ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മയെ നേരില്ക്കാണാത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്രപ്പരസ്യത്തില്‍ പറയുന്ന നിലപാട് ജിഷ്ണുവിന്റെ കുടുംബത്തെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം ചോദിച്ചു.
നാലുദിവസമായി വെള്ളം പോലും കുടിക്കാതെ നിരാഹാരം തുടരുന്ന അവിഷ്ണയുടെ ആരോഗ്യനില മോശമാണ്. എന്നാല്‍ ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റ് ചെയ്യാതെ നിരാഹാരം പിന്‍വലിക്കില്ലെന്ന നിലപാടില്‍ അണുവിട മാറ്റമില്ല.
രാവിലെ അവിഷ്ണയെ കാണാനെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളം കുടിക്കാതെയുള്ള സമരത്തില്‍ ആശങ്കപ്പെട്ടു. അവിഷ്ണയും അമ്മ മഹിജയും നടത്തുന്ന സമരം എത്രയുംവേഗം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി ഇടപെടാത്തത്. യുഡിഎഫ് ഇതുവരെ ഒരു രാഷ്ട്രീയമുതലെടുപ്പിനും ശ്രമിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അവിഷ്ണയെ സന്ദര്‍ശിച്ചു. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ കുട്ടിയുടേയും ബന്ധുക്കളുടേയും എതിര്‍പ്പ് വിലങ്ങുതടിയായി.