മൂന്നാര്‍ എം.ജി കോളനിയില്‍ പട്ടികജാതികാര്ക്കായി അനുവദിച്ച ഭൂമി തട്ടിയെടുത്തത് കോണ്‍ഗ്രസുകാരിയായ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്ത് രേഖകളിലുള്‍പ്പെടെ കൃത്രിമം കാട്ടി തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരനായ ബന്ധുവിന് ഭൂമി പതിച്ചു നല്കി. പട്ടികജാതിക്കാരനായ രാമറിന് സര്‍ക്കാര്‍ അനുവദിച്ച രണ്ടര സെന്റ് ഭൂമി ഇന്ന് കയ്യേറ്റക്കാരുടെ പക്കലാണ്. 2005ല്‍ എംജി കോളനിയില്‍ 213ാം നമ്പര്‍ പ്ലോട്ട് രാമറിന് അനുവദിച്ചതായി പഞ്ചായത്ത് രേഖകളില്‍ വ്യക്തം.
വീട് നിര്‍മിക്കാന്‍ 4500 രൂപയും പഞ്ചായത്ത് നല്കി. പക്ഷെ വീട് വെയ്ക്കാന്‍ ചെന്നതോടെ സ്ഥലം രാമരാജ് എന്ന തമിഴ്നാട് സ്വദേശിയുടെ കൈവശം. പഞ്ചായത്ത് ഭരണം മാറിയതോടെയാണ് എല്ലാം തകിടം മറിഞ്ഞത്. കോണ്‍ഗ്രസുകാരിയായ പഞ്ചായത്ത് പ്രസിഡന്റ് എം.മണിമൊഴിയാണ് തട്ടിപ്പിന് പിന്നില്‍. മണിമൊഴിയുടെ ബന്ധുവാണ് സ്്ഥലം സ്വന്തമാക്കിയ രാമരാജ്. ഇതിനായി പഞ്ചായത്ത് രേഖകളിലുള്‍പ്പെടെ പ്രസിഡന്റ് കൃത്രിമം കാട്ടി.
കുടിയേറ്റക്കാരോടൊപ്പമെന്ന് അവകാശപ്പെടുന്ന നേതാക്കളുടെ ഓഫിസുകളില്‍ പലതവണ കയറി ഇറങ്ങിയെങ്കിലും പ്രസിഡന്റിന്റെ തട്ടിപ്പിനെ ഒരാളും എതിര്‍ത്തില്ല. രാഷ്ട്രീയ സ്വാധീനത്തില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ അട്ടിമറിക്കപ്പെട്ടു. ജനകീയ സമിതിയുടെ പേരില്‍ മൂന്നാറിലെ രാഷ്ട്രീയ നേതാക്കളും വ്യാപാരികളും റിസോര്‍ട്ടുടമകളും മാധ്യമങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിനിടെയാണ് രാമര്‍ എന്ന ഈ സാധാരണക്കാരന് മനോരമ ന്യൂസിനെ തേടിയെത്തിയത്.