വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയതില്‍ നിഗൂഢതയുണ്ടെന്നും അത് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജേക്കബ് തോമസിനെ മാറ്റിയതില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെപിയും ആവശ്യപ്പെട്ടു. എന്നാല്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് പാര്‍ട്ടി ഇടപെട്ടാണെന്ന ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിഷേധിച്ചു.
ജേക്കബ് തോമസിനെ മാറ്റില്ലെന്ന് രണ്ടാഴ്ച മുമ്പുവരെ മുഖ്യമന്ത്രി പറഞ്ഞിട്ട്, പെട്ടെന്ന് മാറ്റിയതില്‍ നിഗൂഡതയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. പൊലീസ് മേധാവിക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയത് നിയമപരമായും ധാര്‍മികമായും തെറ്റാണെന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു
ഭരണത്തില്‍ അദൃശ്യശക്തികളുടെ ചരടുവലി നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചു. ജേക്കബ് തോമസിനെ മാറ്റിയതിന്റെ കാരണം മുഖ്യമന്ത്രി പരസ്യമാക്കണം.
എത് ഉദ്യോഗസ്ഥര്‍ ഏതു സ്ഥാനത്ത് വേണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്ന് കോടിയേരി ബാലകൃഷ്ണന് കൊല്ലത്ത് പറഞ്ഞു. ഭരണകാര്യങ്ങളില്‍ സി.പി.എം ഇടപെടില്ലെന്നും അദേഹം പറഞ്ഞു