മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ചലച്ചിത്രനിർമാതാവ് സുബൈറിന് പരുക്ക്. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം.പരുക്കേറ്റ സുബൈറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ എറണാകുളം സെന്‍ട്രല്‍ സി.െഎയുടെ സംഘം കസ്റ്റഡിയിലെടുത്തു.
സ്വകാര്യഹോട്ടലിൽ ഇന്നലെ ഉച്ചമുതൽ മദ്യപിക്കുകയായിരുന്ന യുവാക്കളുടെ സംഘമാണ് അക്രമം നടത്തിയത്. ഹോട്ടലിലെ സുരക്ഷാജീവനക്കാരനെ കൈയ്യേറ്റം ചെയ്ത യുവാക്കളെ ഇതേ ഹോട്ടലിൽ സിനിമാഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തങ്ങുകയായിരുന്ന ചലച്ചിത്രപ്രവർത്തകരുടെ സംഘം ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ നിർമാതാവ് സുബൈറിനെ നോ പാർകിങ് ബോർഡ് ഉപയോഗിച്ച് അക്രമിസംഘം അടിക്കുകയായിരുന്നു. തലയിൽ നേരിയ പൊട്ടലുണ്ടായ സുബൈറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. നടൻ ജയറാം ഉൾപ്പടെ നിരവധി ചലച്ചിത്രപ്രവർത്തകർ സുബൈറിനെ ആശുപത്രിയിൽ സന്ദർശിച്ചു.