പൊതുവേദിയിൽ ജില്ലാ പൊലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ എംഎൽഎ. ദളിത് യുവാവിന് ലോക്കപ്പ് മർദനമേറ്റ കേസിലാണ് ആലുവ റൂറൽ എസ്പിക്കെതിരെ അൻവർ സാദത്ത് എംഎൽഎ ആഞ്ഞടിച്ചത്.എസ്പി എ.വി.ജോർജിന്റെയും ഐജിയുടെയും സാന്നിധ്യത്തിലായിരുന്നു എംഎൽഎയുടെ രോഷ പ്രകടനം
ജനമൈത്രി പൊലീസിന്റെ സെമിനാർ വേദിയിലായിരുന്നു റൂറൽ എസ്പിക്കെതിരായ എംഎൽഎയുടെ വിമർശനം.ദളിത് യുവാവിനെ മർദിച്ച കേസിൽ ചെങ്ങമനാട് എസ്ഐക്കെതിരെ നൽകിയ പരാതിയിൽ എസ്പി നടപടി സ്വീകരിച്ചില്ലെന്നാണ് അൻവർ സാദത്തിന്റെ ആരോപണം.
പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയപ്പോൾ മൈക്കിന് അനുമതി നിഷേധിച്ച എസ്പിയെ നിലയ്ക്ക് നിർത്താൻ സർക്കാർ തയാറാകണമെന്നും അൻവർസാദത്ത് ആവശ്യപെട്ടു. എംഎൽഎയുടെ ആക്ഷേപങ്ങളോട് എസ്പി എ.വി.ജോർജ് പ്രതികരിച്ചില്ല. എന്നാൽ അൻവർ സാദത്തിന്റെ പരാതിയിൽ എറണാകുളം റേഞ്ച് ഐജി എസ്പിയോട് വിശദീകരണം തേടി.