മൂന്നാറില്‍ സി.പി.എം നേതൃത്വം ഉള്‍പ്പടെ നടത്തിയ കയ്യേറ്റങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് അദ്ദേഹം സി.പിഎം പാര്‍ട്ടി ഗ്രാമം സന്ദര്‍ശിച്ചു. മൂന്നാറിലെ സ്ഥിതി ഭയാനകമെന്ന് ചെന്നിത്തല വിലയിരുത്തി. മനോരമ ന്യൂസ് വാര്‍ത്താ പരമ്പര 'കയ്യൂക്കിലെ കയ്യേറ്റ'ത്തെ തുടര്‍ന്നാണ് ഇടപെടല്‍.
കയ്യേറ്റഭൂമികള്‍ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി രാവിലെ നടത്തിയ ചര്‍ച്ചയിലാണ് പ്രാദേശിക നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയത്. സി.പി.എം കയ്യേറി നിര്‍മ്മിച്ച പാര്‍ട്ടി ഗ്രാമം സന്ദര്‍ശിക്കേണ്ടതില്ലെന്ന് ഡി.സി.സി. വൈസ് പ്രസിഡന്റ് എ.കെ. മണി നിലപാടെടുത്തു. ഇതിനെ കൂടതുല്‍ പ്രാദേശിക നേതാക്കള്‍ പിന്തുണച്ചതോടെ തീരുമാനം ജില്ലാ യു.ഡി.എഫ് യോഗത്തിനുവിട്ടു. നേതാക്കളുടെ നിലപാട് തള്ളിയ യു.ഡി.എഫ് നേതൃത്വം പാര്‍്ട്ടി ഗ്രാമം ഉള്‍പ്പെടുത്തിയില്ലെങ്കില്‍ സന്ദര്‍ശനം പ്രഹസനമാകുമെന്ന മുന്നറിയിപ്പും നല്കി.
തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം മനോരമ ന്യൂസ് പുറത്തുവിട്ട കയ്യേറ്റഭൂമിയായ മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കയ്യേറ്റവും ചെന്നിത്തല സന്ദര്‍ശിച്ചു. മുതിരപ്പുഴയാറിലെ മാലിന്യനിക്ഷേപവും പള്ളിവാസല്‍ ചിത്തിരപുരത്തെ വന്‍കിട കയ്യേറ്റങ്ങളും ചെന്നിത്തല നേരില്‍കണ്ട് മനസിലാക്കി.