മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കൊടുക്കുന്ന പിന്തുണ യു.ഡി.എഫിലേക്കുളള പാലമല്ലെന്ന് കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസിന്റെ പിന്തുണ വേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ട് അഭ്യർഥിച്ച് കേരള കോൺഗ്രസ് നടത്തിയ തിരഞ്ഞെടുപ്പ് കൺവെന്‍ഷനിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.
പാലയും പാണക്കാടും തമ്മിലുളള പതിറ്റാണ്ടുകളുടെ ബന്ധം ഒാർമപ്പെടുത്തിയാണ് കെ.എം. മാണി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ട് അഭ്യർഥിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി എന്ന നിലക്കല്ല. പി.കെ. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തി എന്ന നിലക്ക് കൂടിയാണ് പിന്തുണയെന്ന് കെ.എം മാണി വ്യക്തമാക്കി. ഇത് യു.ഡി.എഫിലേക്കുളള മാർഗമായി കാണേണ്ടതില്ല.
യു.ഡി.എഫുമായി നിലവിലുളള പല പ്രശ്നങ്ങളും നാളെ പ്രശ്നങ്ങൾ അല്ലാതായി മാറുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തനിക്ക് മാത്രമല്ല, ഇനിയുളള കാലവും യു.ഡി.എഫ് കേരള കോൺഗ്രസിന്റെ പിന്തുണ ആഗ്രഹിക്കുന്നുണ്ട്.
പി.ജെ. ജോസഫ് അടക്കമുളള കേരള കോൺഗ്രസിന്റെ മുഴുവൻ നേതാക്കളും പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ട് അഭ്യർഥിച്ച് വിളിച്ച കൺവൻഷനിൽ പങ്കെടുത്തു.