കടുത്തുരുത്തി∙ റഫ്രിജറേറ്ററിൽ നിന്നു വൈദ്യുതാഘാതമേറ്റു മരിച്ച കുഞ്ഞു കാശിക്ക് വീടും നാടും കണ്ണീരോടെ വിട ചൊല്ലി. കല്ലറ പെരുംതുരുത്ത് കക്കുഴിയിൽ ദിലീപ്കുമാർ – മഞ്ജു ദമ്പതികളുടെ മകൻ ഒരുവയസ്സുള്ള അഭിറാം (കാശി) വ്യാഴാഴ്ചയാണ് മുറിയിൽ മുട്ടിലിഴഞ്ഞു നീന്തുന്നതിനിടെ റഫ്രിജറേറ്ററിൽ നിന്നു വൈദ്യുതാഘാതമേറ്റു മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്നു 12 മണിയോടെ കുഞ്ഞിന്റെ മൃതദേഹം ചെറിയ പെട്ടിയിലാക്കി വീട്ടിൽ കൊണ്ടുവന്ന രംഗം ബന്ധുക്കളുടെയും നാട്ടുകാരുടെയും കണ്ണു നനയിച്ചു. വീട്ടുമുറ്റത്ത് വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.