അടിമാലി ∙ റോഡിനു നടുവിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റും സ്റ്റേ കമ്പിയും മാറ്റാതെയുള്ള നിർമാണ ജോലികൾ പ്രദേശവാസികളുടെ പ്രതിഷേധത്തിനു കാരണമായി. അടിമാലി പഞ്ചായത്തിലെ പത്താം മൈൽ കോളനിപ്പാലത്തു നിന്നുള്ള ദേവിയാർ സ്കൂൾപ്പടി റോഡിലാണ് വൈദ്യുത പോസ്റ്റും സ്റ്റേ കമ്പിയും മാറ്റാതെയുള്ള റോഡ് കോൺക്രീറ്റ് ജോലികൾ നടന്നിരിക്കുന്നത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഏഴു ലക്ഷത്തോളം മുടക്കിയാണ് റോഡ് നിർമാണം നടത്തിയിട്ടുള്ളത്.
കോളനിപ്പാലത്തു നിന്നു സ്കൂൾപ്പടിയിലേക്ക് ഒന്നര കിലോമീറ്റർ ദൂരമാണുള്ളത്. ഒട്ടേറെ ചെറുവാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. ഇതോടൊപ്പം സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാരും ദിവസവും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. വൈദ്യുത പോസ്റ്റും സ്റ്റേ കമ്പിയും നീക്കം ചെയ്യാതെ അശാസ്ത്രീയമായുള്ള റോഡ് നിർമാണത്തോടെ ഇതുവഴിയുള്ള കാൽനടയാത്രയും വാഹനങ്ങളുടെ സുഗമമായ ഗതാഗതവും തടസ്സപ്പെടുകയാണെന്നു പ്രദേശവാസികൾ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ റോഡിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ അധികൃതർ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.