കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനും മകനുമെതിരെ അയല്‍വാസിയായ അമ്മയുടെ കൊലപാതക ആരോപണം. 2010ല്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പതിനാലുകാരന്റെ അമ്മയാണ് പരാതി നല്‍കിയത്. മനോരമ ന്യൂസിലൂടെയാണ് അമ്മയും കുട്ടിയുടെ സഹോദരിയും ഇക്കാര്യം വെളിപ്പെടുത്തിയത്. അന്വേഷണത്തിന് കൊട്ടാരക്കര ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
പത്തുവയസുള്ള പേരക്കുട്ടിയെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട വിക്ടറിന്റെ ക്രിമിനല്‍ മനോനില വെളിവാക്കുന്നതാണ് പുതിയ പരാതി. 2010 ല്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാലുകാരനെ വിക്ടറും മകനുംചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് അമ്മ ആരോപിച്ചു. മകളെ ലക്ഷ്യമിട്ടുവന്ന വിക്ടര്‍ മകനെ കൊലപ്പെടുത്തുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
മകന് മരിച്ച് 19 ദിവസം കഴിഞ്ഞാണ് പൊലീസ് വീട്ടില്‍ വന്നത്. ഭീഷണി ഭയന്ന് കുണ്ടറയിലെ വീടുവിറ്റ് നാടുവിട്ടുവെന്നും അമ്മ വെളിപ്പെടുത്തി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് കൊല്ലം റൂറല്‍ എസ്പി എസ്.സുരേന്ദ്രന് മനോരമന്യൂസിനോട് പറഞ്ഞു. കൊട്ടാരക്കര ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.