അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിക്കും. അമേരിക്കൻ സമയം ഉച്ചയ്ക്ക് ഒന്നിന് (ഇന്ത്യൻ സമയം രാത്രി 11.30ന്) ആകും ട്രംപ് മോദിയെ വിളിക്കുക. പ്രസിഡന്റായി ചുമതലയേറ്റ ശേഷം ട്രംപ് ടെലഫോണിൽ വിളിക്കുന്ന ചുരുക്കം ലോക നേതാക്കളിൽ ഒരാളാണു മോദി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ത്യക്കാരുടെ സംഘടന സംഘടിപ്പിച്ച ഒരു പരിപാടിയിൽ ട്രംപ് പങ്കെടുത്തിരുന്നു. ഇന്ത്യയെ ഏറെ പ്രകീർത്തിച്ചാണു ട്രംപ് അന്നു സംസാരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര വളർച്ചാ നിരക്കും നരേന്ദ്ര മോദിയുടെ സാമ്പത്തിക ഭരണ പരിഷ്കാരങ്ങളുമൊക്കെ ട്രംപ് അന്നു പരാമർശിച്ചിരുന്നു. മോദിക്കൊപ്പം ചേർന്നു നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്ത് അൽ സീസി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുദേവു തുടങ്ങിയവരുമായും ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു.