ബിസിസിഐ ഇടക്കാലഭരണസമിതിയില് ഇന്നും തീരുമാനമുണ്ടായില്ല. ഭരണസമിതിയിലേക്ക് പേരുകള്‍ നിര്‍ദേശിക്കാന്‍ ബിസിസിഐയ്ക്കും കേന്ദ്രസര്‍ക്കാരിനും സുപ്രീംകോടതി അവസരം നല്‍കിയതോടെയാണിത്. അമിക്കസ്ക്യൂറി കൈമാറിയ പട്ടിക മാത്രം വച്ച് സമിതിയെ തീരുമാനിക്കില്ല. എഴുപതുകഴിഞ്ഞവരെ ഭരണസമിതി അംഗങ്ങളാക്കില്ലെന്നും കോടതി പറഞ്ഞു.
ഭരണസമിതിയില്‍ പ്രാതിനിധ്യം വേണമെന്ന് ബിസിസിഐയും ചില സംസ്ഥാന അസോസിയേഷനുകളും കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടതോടെയാണ് ഇടക്കാലഭരണസമിതി പ്രഖ്യാപനം നീട്ടിയത്. അമിക്കസ് ക്യൂറി കൈമാറിയ ഒന്‍പതു പേരുടെ പട്ടിക മാത്രം വച്ച് തീരുമാനമെടുക്കില്ല. ബിസിസിഐയ്ക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും പേരുകള്‍ നിര്‍ദേശിക്കാം. മുദ്രവച്ച കവറില്‍ പേരുകള്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവിട്ടു.
അടുത്തമാസം രണ്ട്, മൂന്ന് തീയതികളില്‍ ദുബായില്‍ നടക്കുന്ന രാജ്യാന്തരക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിനുള്ള ബിസിസിഐ പ്രതിനിധിയെ നിര്‍ദേശിക്കാനും ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. അതേസമയം, അനുരാഗ് ഠാക്കൂര്‍ അധ്യക്ഷനായ ഭരണസമിതിയെ പുറത്താക്കിയ വിധി രാജ്യാന്തരക്രിക്കറ്റില്‍ ഇന്ത്യയെ ബാധിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വാദിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.