സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ദേശീയ നേതൃത്വവുമായി ഇടഞ്ഞ് പഞ്ചാബിലെ ബി.ജെ.പി അധ്യക്ഷന്‍. തന്നോട് ചര്‍ച്ച ചെയ്യാതെയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതെന്നാരോപിച്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ള രാജിക്കൊരുങ്ങി. അമിത് ഷായുമായി കൂട്ടിക്കാഴ്ച നടത്തിയശേഷം, രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്ത വിജയ് സാംബ്ള തള്ളി.
തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തില്‍ പൊട്ടിത്തെറിയുണ്ടായത്. ആറു സ്ഥാനാര്‍ഥികളുടെ കൂടി പട്ടിക പുറത്തുവന്നതോടെയായിരുന്നു സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് സാംബ്ളയുടെ നാടകീയ നീക്കം. ഫഗ്്വാര മണ്ഡലത്തില്‍ നിന്ന് സോംപ്രകാശിനെ മല്‍സരിപ്പിക്കാനുള്ള കേന്ദ്രനേതൃത്വത്തിന്റെ നീക്കമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. സോംപ്രകാശിനെ മാറ്റി താന്‍ നിര്‍ദേശിക്കുന്ന വ്യക്തിയെ മല്‍സരിപ്പിക്കണമെന്നാണ് സാംബ്ളയുടെ ആവശ്യം. ഇത് തള്ളിയതോടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് രാജിക്കത്ത് കൈമാറിയതായാണ് സൂചന. തുടര്‍ന്ന് വിജയ് സാംബ്ളയെ അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തെത്തിയ രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ സാംബ്ള തള്ളി.
അതേസമയം, പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അമിത് ഷായെ അറിയിച്ചതായാണ് സൂചന. കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും പഞ്ചാബില്‍ ശക്തമായ പ്രചരണം തുടരവേ സംസ്ഥാന അധ്യക്ഷന്റെ നിലപാട് ബി.ജെ.പിയുടെ വിജയപ്രതീക്ഷയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.