വരാന്തയിൽ വച്ച് സെൽഫിയെടുക്കുകയോ, മുടി ചീകുകയോ അരുത്. ചെയ്താൽ സസ്പെൻഷൻ നേരിടേണ്ടിവരും, തലസ്ഥാന നഗരത്തിലെ പ്രമുഖ വനിതാ കോളജായ മിറാൻഡ ഹൗസിലെ വിദ്യാർഥിനികൾക്ക് അധികൃതർ നൽകിയ മുന്നറിയിപ്പാണിത്. കോളജിലെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ് കെട്ടിടത്തിലാണ് മുന്നറിയിപ്പുമായി നോട്ടിസ് പതിച്ചിരിക്കുന്നത്.
കോളജിലെ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പഠിക്കുന്ന വിദ്യാർഥികൾക്കു ഞായറാഴ്ചകളിൽ ക്ലാസ് നടക്കുന്ന കെട്ടിടമാണിത്. ചില വിദ്യാർഥിനികൾ സെൽഫിയെടുക്കുന്നതിനും മുടിചീകുന്നതിനും ഗാലറിയിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനും സമയം കളയുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ആവർത്തിക്കരുതെന്നും നോട്ടിസിൽ പറയുന്നു.
എന്നാൽ, നോട്ടിസിനെതിരെ സംസ്ഥാന വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നു വിദ്യാർഥി കൂട്ടായ്മയായ ക്രാന്തികാരി യുവ സംഘടൻ അറിയിച്ചു. വിദ്യാർഥിനികളുടെ സുരക്ഷ കണക്കിലെടുത്താണ് നോട്ടിസ് പതിച്ചതെന്ന് പ്രിൻസിപ്പൽ പ്രതിഭാ ജോളി പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ തനിക്കു പങ്കില്ലെന്നും നോട്ടിസ് പതിക്കുന്നതിനു മുൻപ് തന്റെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും സ്കൂൾ ഓഫ് ഓപ്പൺ ലേണിങ് ഡയറക്ടർ സി.എസ്. ദുബെ പറഞ്ഞു.