പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ തനിക്ക് പിന്തുണ കുറഞ്ഞെന്ന് ബോധ്യപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിശ്വസ്തരില്‍ ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശശികല. അതേസമയം ശശികലയുടെ തന്ത്രത്തോട് എം.എല്‍.എമാര്‍ ഏത് തരത്തില്‍ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പുതിയ നീക്കത്തിന്റെ ഭാവി.
128 എം.എല്‍മാരുടെ പിന്തുണയാണ് ശശികല ക്യാംപ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൂവത്തൂരില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ യോഗം കഴിഞ്ഞതോടെ ഈ കണക്കുകൂട്ടല്‍ തെറ്റി. നാല്പതിലേറെ എം.എല്‍.എമാര്‍ യോഗത്തില്‍ ശശികല മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തെന്നാണ് സൂചന. ഇതിനൊപ്പം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകില്ലെന്ന് ഉറപ്പാവുകകൂടി ചെയ്തതോടെയാണ് മുഖ്യമന്ത്രി മോഹം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ ശശികല നിര്‍ബന്ധിതയായത്. ഈ സമ്മര്്ദമാണ് ഗവര്‍ണറെ രൂക്ഷമായ ഭാ·ഷയില് വിമര്‍ശിക്കാന്‍ ശശികലയെ പ്രേരിപ്പിച്ചതും.
വിശ്വസ്തരെന്ന് കരുതുന്ന കെ.എ സെങ്കോട്ടയനേയോ എടപ്പാടി പഴനിസാമിയേയോ മുഖ്യമന്ത്രിയാക്കി തല്കാലം പനീര്സെലവം ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാമെന്നാണ് ശശികലയുടെ കണക്കുകൂട്ടല്‍.
പക്ഷെ ഈ നീക്കത്തിനും മുഴുവന്‍ എംഎല്‍എമാരുടെയും പിന്തുണ ഉറപ്പാക്കാനായിട്ടില്ല. ആശയക്കുഴപ്പം ശക്തമായതോടെ ശശികല ക്യാംപിലെ കൂടുതല്‍ എം.എല്‍.എമാരെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ പനീര്‍സെല്‍വം അനുകൂലികളും ശ്രമം ഊര്‍ജിതമാക്കി. ഇന്ന് ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകും.