സമവായ ചര്‍ച്ചകള്‍ പൂര്‍ണമായി പരാജയപ്പെട്ടതോടെ സമാജ്്വാദി പാര്‍ട്ടി പിളര്‍പ്പിലേക്ക്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. മുലായം മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ അഖിലേഷ് യാദവ് തള്ളിയതോടെയാണ് പിളര്‍പ്പ് അനിവാര്യമായത്.
സംസ്ഥാനഅധ്യക്ഷപദവിയില് നിന്ന് നീക്കിയ ശിവ്പാല്‍ യാദവിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അമര്സിങ്ങിനേയും തിരിച്ചെടുക്കണമെന്നാണ് മുലായം സിങ് യാദവിന്റെ പ്രധാന ആവശ്യങ്ങള്‍. ഇവ അംഗീകരിച്ചാല്‍ അഖിലേഷ് യാദവിനെ ദേശീയഅധ്യക്ഷനായി അംഗീകരിക്കാമെന്നും മുലായം നിലപാടെടുത്തു. എന്നാല്‍ ഇതുരണ്ടും ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന് അഖിലേഷ് വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ വിവരങ്ങളടങ്ങിയ കത്ത് അഖിലേഷ് മുലായത്തിന് നല്‍കിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. ഒത്തുതീര്‍പ്പിനുള്ള സാധ്യത അടഞ്ഞതോടെ പാര്‍ട്ടി സ്ഥാപകനായ മുലായം തന്നെ പിളര്‍പ്പ് പ്രഖ്യാപിക്കാന്‍ വഴിയൊരുങ്ങി. പാര്‍ട്ടിയുടെ പേരിനും ചിഹ്നത്തിനുവേണ്ടിയുള്ള തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നല്കാന് ഒരുദിവസം മാത്രം ശേഷിക്കേയാണ് ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷമായത്.
മുലായവുമായി കൂടിക്കാഴ്ച നടത്തിയ അമര്‍ സിങ്, അധികാരമില്ലാത്ത അവസ്ഥയില്‍ മുലായത്തെ കാണുന്നതില്‍ സങ്കടമുണ്ടെന്ന് പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. മുലായത്തിന്റെ കീഴടങ്ങലായാണ് ഇതിനെ വിലയിരുത്തുന്നത്. പിളര്‍പ്പ് ഔദ്യോഗികമായാല്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ എസ്പിയ്ക്ക് സൈക്കിള്‍ ചിഹ്നം ലഭിക്കുന്നകാര്യം പരുങ്ങലിലാകും.