നിയമവിരുദ്ധമായി തോക്ക് കൈവശം സൂക്ഷിച്ച കേസില്‍ നടന് സല്‍മാന്‍ഖാനെ ജോധ്പൂര്‍ സി.ജെ.എം കോടതി വെറുതെവിട്ടു. കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിവിധി. സല്‍മാനെതിരെയുളള ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാവരുടെയും പ്രാര്‍ഥനയ്ക്ക് നന്ദിയുണ്ടെന്ന് സല്മാന് ട്വീറ്ററില്‍ പ്രതികരിച്ചു.
സല്മാന് ഖാനെതിരെ ആയുധനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ കോടതി, സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെവിടുകയായിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടാന്‍ സല്മാന് ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചുവെന്നാണ് വനംവകുപ്പിന്റെ കേസ്. എന്നാല്‍ , ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.
വിധി കേള്‍ക്കാന്‍ സഹോദരി അല്വീരക്കൊപ്പമാണ് സല്മാന് കോടതിയിലെത്തിയത്. നൂറുകണക്കിന് ആരാധകര്‍ കോടതിവളപ്പില്‍ തടിച്ചുകൂടിയിരുന്നു. കൃഷ്ണമൃഗവേട്ടയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലാണ് സൂപ്പര്‍താരത്തെ വെറുതെവിടുന്നത്. വിധിപകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ പോകുന്ന കാര്യം തീരുമാനിക്കുമെന്ന് പ്രോസിക്യൂഷന് പറഞ്ഞു. പത്തൊന്‍പത് വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷമുണ്ടായ വിധി, സല്‍മാനും ബോളിവുഡിനും ഒരുപോലെ ആശ്വാസമാണ്.