അധികാരമേറ്റാല്‍ നാലാഴ്ചയ്ക്കകം പഞ്ചാബിനെ ലഹരിമുക്തമാക്കുമെന്ന ഉറപ്പുമായി കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് പ്രകടനപത്രിക പുറത്തിറക്കി. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതങ്ങളായിരിക്കും നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രധാനപ്രചാരണായുധമെന്ന് അദ്ദേഹം പറഞ്ഞു.
ജനപ്രിയ വാഗ്ദാനങ്ങള്‍ അക്കമിട്ട് നിരത്തിയുള്ള പ്രകടനപത്രിയുമായി പഞ്ചാബില്‍ തിരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്. സംസ്ഥാനത്ത് ലഹരി ഉപഭോഗവും കള്ളക്കടത്തും കൂടിയസാഹചര്യത്തില്‍ സന്പൂര്‍ണ ലഹരിവിമുക്ത പഞ്ചാബാണ് പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കും. വൈദ്യൂതി കുടിവെള്ള നിരക്കുകള്‍ കുറയ്ക്കും ഒപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടപത്രിക വാഗ്ദാനം ചെയ്യുന്നു. പത്തുവര്‍ഷമായി ഭരണത്തിലുള്ള അകാലിദള്‍-ബിജെപി സര്‍ക്കാരിനെതിരായ ജനവികാരം കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തുമെന്ന് , പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനകോണ്‍ഗ്രസ് അധ്യക്ഷനായ അമരീന്ദര്‍സിങ് ആയിരിക്കും പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തിറക്കുമെന്ന് അമരീന്ദര്‍സിങ് വ്യക്തമാക്കി.