ഡല്‍ഹിയില്‍ പുതുവത്സരദിനത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ യൂ ട്യൂബിലിട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ യുവാവ് തന്നെയാണ് ദൃശ്യം പോസ്റ്റ് ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
പുതുവത്സരത്തില്‍ ബെംഗളൂരുവില്‍ പെണ്‍കുട്ടികളോട് യുവാക്കള്‍ മോശമായി പെരുമാറിയത് വിവാദമായതിന് പിന്നാലെയാണ് ഡല്‍ഹിയിലും സമാനമായ സംഭവം ഉണ്ടായത്. കൊണാട് പ്ളേസില്‍ പുതുവത്സരആഘോഷത്തിനിടയില് പെണ്‍കുട്ടികളെ ചുംബിച്ച ശേഷം യുവാവ് ഓടുന്ന നാല് മിനുറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യം ക്രേസി സുമിത് എന്ന പേരിലാണ് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് വക്താവ് ദീപേന്ദ്ര പഥക് പറഞ്ഞു. അതേസമയം വീഡിയോയിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാല്‍ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ തമാശയല്ല, മനോരോഗമാണ്.
വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ പീഡനക്കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മാപ്പുപറഞ്ഞാല്‍ തീരാത്ത ഗുരുതരപ്രശ്നമാണെന്നും സ്വാതി മലിവാല്‍ പറഞ്ഞു. അതിനിടെ ഹൗസ് ഖാസില്‍ ജര്‍മ്മനിയില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥിനിയെ വീട്ടുടമ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനി വനിതാകമ്മീഷന് പരാതി നല്കി.കഴിഞ്ഞ നവംബറില്‍ നടന്ന സംഭവത്തില്‍ പഠനം കഴിഞ്ഞ് മടങ്ങിയതിന് ശേഷമാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്.