തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവത്തെ പിന്തുണയ്ക്കുന്നവരും ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും രാഷ്ട്രീയമായി കൈകോർക്കുന്നു. ഇന്നു വാർത്താ സമ്മേളനത്തിൽ പനീർസെൽവം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പി.എച്ച്. പാണ്ഡ്യൻ, മുനിസ്വാമി തുടങ്ങിയവർ അടക്കമുള്ള മുതിർന്ന എഐഎഡിഎംകെ നേതാക്കളും ഇക്കാര്യത്തിൽ പനീർസെൽവത്തിനൊപ്പമുണ്ടാകുമെന്നാണു റിപ്പോർട്ട്.
ഈ മാസം 24ന് ദീപ ജയകുമാർ പുതിയ പാർട്ടി രൂപീകരിക്കാനിരിക്കുകയാണ്. എഐഎഡിഎംകെയിൽ പിളർപ്പുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഒ. പനീർസെൽവം ദീപയുമായി കൈകോർക്കുന്നത് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കു വഴിയൊരുക്കുന്നതാണ്.