മോട്ടോര്‍ വാഹന രജിസ്ട്രേഷന് നിരക്കും ലൈസന്‍സ് ഫീസും കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍ . ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് അന്‍പതില്‍ നിന്ന് ഇരുന്നൂറ് രൂപയാക്കി. വാഹനരജിസട്രഷന് നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനവുണ്ടായപ്പോള്‍ ഡ്രൈവിങ് സ്കൂളുകളുകളുടെ ലൈസന്‍സ് തുക 2500ല്‍ നിന്ന് പതിനായിരം രൂപയാക്കിയും വര്‍ധിപ്പിച്ചു.
മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ലൈസന്‍സ് നിരക്കുകള്‍ കുത്തനെ കൂട്ടിയത്. ലേണേഴസ് ലൈസന്‍സ് നിരക്ക് മുപ്പത് രൂപയില്‍ നിന്ന് നൂറ്റി അന്‍പത് രൂപയാക്കി. രാജ്യാന്തര ഡ്രൈവിംഗ് പെര്‍മിറ്റ് ലഭിക്കാന്‍ ഇനി ആയിരം രൂപ നല്‍ണം. നേരത്തെ ഇത് അഞ്ഞൂറ് രൂപയായിരുന്നു. ലൈസന്‍സ് പുതുക്കാന്‍ നല്‍കേണ്ടത് 200 രൂപയാണ്. ഡ്രൈവിങ് സ്കൂളുകള്‍ക്കാണ് കൂടുതല്‍ ഇരുട്ടടി ഉണ്ടായത്. ലൈസന്‍സ് ലഭിക്കാന്‍ 2500 രൂപ നല്‍കേണ്ട സ്ഥാനത്ത് ഇനി പതിനായിരം രൂപ നല്‍കണം. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാനുള്ള തുക 2500ല്‍ നിന്ന് അയ്യായിരം രൂപയായി പുതുക്കിനിശ്ചയിച്ചു.
വാഹനരജിസ്ട്രേഷന് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന് തുക മുന്നൂറില്‍ നിന്ന് ആയിരം രൂപയാക്കി. ചരക്ക് ലോറികളും ബസുകളും രജിസ്ട്രര്‍ ചെയ്യാന്‍ 1500 രൂപ നല്‍കണം. പഴയനിരക്ക് 600 രൂപയായിരുന്നു. ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് 5000രൂപയും മോട്ടോര്‍ സൈക്കിളുകള്‍ക്ക് 2500രൂപയും നല്‍കണം. നേരത്തെ ഇത് യഥാക്രമം 800 രൂപയും 200 രൂപയും ആയിരുന്നു.