E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in India

മദ്യവും കാസിനോയുമില്ലാത്ത ഗോവയോ ? മാർച്ച് 11 തരും മറുപടി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

goa-3.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നവംബർ എട്ടിന് 500, 1000 നോട്ടുകൾ പിൻവലിച്ച് രണ്ടാഴ്ച തികയും മുൻപേയായിരുന്നു ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പനജിയിൽ തുടക്കമായത്. ടൂറിസം സീസണിന്റെ തുടക്കം കുറിക്കൽ കൂടിയായിരുന്നു അത്. ആ സമയത്ത് മേളയ്ക്കെത്തുന്ന ഡെലിഗേറ്റുകൾ എല്ലാ വർഷവും കാണുന്ന ഒരു കാഴ്ചയുണ്ട്. ചലച്ചിത്രമേള നടക്കുന്ന ഐനോക്സ് തിയേറ്റർ സമുച്ചയത്തിന്റെ മുന്നിലുള്ള മണ്ഡോവി നദിയിൽ ദൂരെ മാറി നിർത്തിയിട്ടിരിക്കുന്ന ‘കപ്പൽ’ കാസിനോകൾ. കോടികൾ മറിയുന്ന ആ കാസിനോകളിലേക്ക് ബോട്ടിൽ ആളെയെത്തിക്കാൻ തീരത്ത് പ്രത്യേക കേന്ദ്രമുണ്ട്. രാത്രി വൈകിപ്പോലും അതിനു മുന്നിൽ നീളൻ ക്യൂവാണ്. പക്ഷേ ഇത്തവണ അവിടെ പേരിനു പോലും ഒരാളെ കണ്ടുപിടിക്കാൻ ഏറെ ബുദ്ധിമുട്ടി. കാസിനോകളും ഡിജിറ്റൽ പണമിടപാടിലേക്കു മാറിയെങ്കിലും പണമിറക്കാൻ പലർക്കും മടിയായിരുന്നു. കള്ളപ്പണം വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിനിടെ ചൂതാട്ടം മറന്നുപോയതാകാമെന്നായിരുന്നു ചില തമാശ കമന്റുകള്‍. എന്തായാലും നോട്ടുനിരോധനത്തിന്റെ തിരിച്ചടികൾ പതിയെ കുറഞ്ഞു വന്നതിനനുസരിച്ച് കാസിനോകളിലേക്കുള്ള ബോട്ടിൽ കയറാനുള്ള ക്യൂവിനും നീളവും ഇപ്പോൾ കൂടിയിരിക്കുന്നു. അപ്പോഴും ആശങ്കകൾ പൂർണമായും നീങ്ങിയിട്ടില്ല. മാർച്ച് 11ന് തിരഞ്ഞെടുപ്പുഫലം വരുന്നതോടെ സകല കാസിനോകളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് മുഖ്യരാഷ്ട്രീയ പാർട്ടികളെല്ലാം പറയുന്നത്. പക്ഷേ ഇതുകേൾക്കുന്ന ഗോവക്കാർക്ക് ചിരി വരും. എല്ലാ തിരഞ്ഞെടുപ്പുകാലത്തും തിരുവനന്തപുരത്തെ ഹൈക്കോടതി ബഞ്ച് പ്രശ്നം ഉയർന്നുവരുന്നതു പോലെ ഗോവയിലെയും രാഷ്ട്രീയക്കാർ വെട്ടാൻ നിർത്തിയിരിക്കുന്ന ‘ബലിമൃഗ’മാണ് മണ്ഡോവിയിലെ കാസിനോകൾ. രാഷ്ട്രീയമല്ലേ, ഇപ്പോഴും ആ മൃഗത്തിന് യാതൊരു കുഴപ്പവുമില്ലാത്തതിൽ അത്ഭുതപ്പെടേണ്ടതില്ല. 

ബീച്ചല്ല, ചൂതാട്ടമാണ് ഗോവയുടെ ജീവൻ

ഇന്ത്യയിലെ ഇത്തിരിക്കുഞ്ഞൻ സംസ്ഥാനത്ത് പ്രദേശവാസികളെക്കാളും ഏറെ ടൂറിസ്റ്റുകളാണെന്നാണ് പൊതുവെയുള്ള പറച്ചിൽ. ടൂറിസം കൊണ്ടാണ് ആ സംസ്ഥാനം ജീവിച്ചു പോകുന്നതെന്നതിനാൽ ഇത് സത്യവുമാണ്. 18 ലക്ഷമാണ് ഗോവയുടെ ജനസംഖ്യ, പക്ഷേ 2016ൽ മാത്രം ഇവിടെയെത്തിയത് 29 ലക്ഷം വിദേശികളായിരുന്നു. ബീച്ചുകളാണ് ഗോവൻ ടൂറിസത്തിന്റെ ജീവനാഡി. അതുപക്ഷേ മൂന്നുമാസത്തെ സീസൺ കാലത്തു മാത്രമേയുള്ളൂ. യാതൊരു സീസണും നോക്കാതെ ഗോവയിലേക്കു വരുന്നവരുമുണ്ട്. അത് സർക്കാർ തന്നെ അംഗീകരിച്ചിട്ടുള്ള 14 കാസിനോകളിൽ‍ ചൂതാട്ടത്തിനാണ്. മണ്ഡോവി നദിയിൽ ആറ് കാസിനോകളാണുള്ളത്. സിക്കിം കൂടാതെ ഇത്തരത്തിൽ അംഗീകൃത ചൂതാട്ടകേന്ദ്രമുള്ള ഏകസംസ്ഥാനവും ഗോവയാണ്. ഖജനാവിലേക്ക് പ്രതിവർഷം വരുന്ന നികുതിവരുമാനത്തിന്റെ വലിയൊരു പങ്ക് ഈ കാസിനോകളിൽ നിന്നാണ്. 2015–16ൽ മാത്രം 127 കോടി രൂപ കാസിനോകളിൽ നിന്ന് സർക്കാരിലേക്കെത്തി എന്നാണു കണക്ക്. എന്നിട്ടും എന്തുകൊണ്ടാണ് രാഷ്ട്രീയപാർട്ടികൾ കാസിനോകൾ അടച്ചുപൂട്ടാൻ മുറവിളി കൂട്ടുന്നത്?

goa-1.jpg.image.784.410

11 ലക്ഷം വോട്ടർമാർ!!

14 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പു നടക്കുമ്പോൾ ഗോവയ്ക്ക് ഒരുപക്ഷേ നാണം വരും. കാരണം സംസ്ഥാനത്ത് ആകെയുള്ളത് 11 ലക്ഷം വോട്ടർമാരാണ്. 40 അംഗ നിയമസഭയിലേക്ക് മത്സരിക്കുന്നതാകട്ടെ 250 സ്ഥാനാർഥികളും. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പു നടന്നത് തികച്ചും സമാധാനപരമായി. അതും ഇന്ത്യയിലെത്തന്നെ ഒരു സംസ്ഥാനത്ത് നടന്നേക്കാവുന്ന റെക്കോർഡ് പോളിങ് ശതമാനത്തോടെ–83%. അഞ്ചു വർഷം മുൻപ് ഇത് 81.8 ശതമാനമായിരുന്നു. അന്ന് കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുത്തത് മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി. പരീക്കർ കേന്ദ്രമന്ത്രിയായപ്പോൾ ആ സ്ഥാനത്ത് ലക്ഷ്മികാന്ത് പർസേക്കറെത്തി. പരീക്കറും പർസേക്കറും ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് മത്സരിച്ചു മുന്നിലുണ്ടായിരുന്നു. കാരണം അത്രയേറെ ആവശ്യമാണ് ഗോവയിൽ ബിജെപിക്ക് ഭരണം നിലനിർത്തുകയെന്നത്. ഇത്തവണയാകട്ടെ കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയെയും പേടിക്കണം. വോട്ടർമാരുടെ എണ്ണം കുറവായതിനാൽ പല മണ്ഡലങ്ങളും എങ്ങോട്ടു വേണമെങ്കിലും ചായാവുന്ന അവസ്ഥയും. ഈ സാഹചര്യത്തിലാണ് കാസിനോകളും വോട്ടും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടതും. 

ചൂതാട്ടവും ആരോഗ്യത്തിന് ഹാനികരം

മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്നെഴുതുന്നതുപോലെ ചൂതാട്ടവും ആരോഗ്യത്തിന് ഹാനികരം എന്ന പോസ്റ്ററുകളും നോട്ടുപുസ്തകങ്ങളുമെല്ലാം ഇറക്കി വിദ്യാർഥികൾക്കുൾപ്പെടെ വിതരണം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം. അത്രമാത്രം ഗോവയിലെ യുവാക്കളെ വഴിതെറ്റിക്കുന്നുണ്ടത്രേ കാസിനോകൾ. കരയിലും വെള്ളത്തിലുമായി ഈ ചൂതാട്ടകേന്ദ്രങ്ങൾ ആരംഭിച്ച അന്നുമുതൽ തുടങ്ങിയതാണ് ഇവയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങളും. 1992ലാണ് ഗോവയിൽ ആദ്യത്തെ അംഗീകൃത കാസിനോകൾ തലപൊക്കുന്നത്. പിന്നെയും 10 വർഷം കഴിഞ്ഞപ്പോൾ മണ്ഡോവിയിലുമെത്തി ‘ഓഫ്ഷോർ കാസിനോ’കൾ. 2008 വരെ ആകെ മണ്ഡോവിയിൽ വന്നത് ആറെണ്ണം. ലൈസൻസ് നൽകിയതാകട്ടെ കോൺഗ്രസ് സർക്കാരും. പക്ഷേ ടൂറിസ്റ്റുകളെ ആകർഷിക്കാനായി തയാറാക്കിയ ഇവ കാര്യമായ ഗുണമൊന്നുമുണ്ടാക്കിയില്ലെന്ന് 2008ൽതന്നെ തെളിഞ്ഞു. ആ വർഷം മുൻവർഷത്തേക്കാൾ ടൂറിസ്റ്റുകളുടെ എണ്ണം കുറയുകയായിരുന്നു. 

വളർത്തിയതും കൊല്ലുന്നതും

തമാശയെന്തെന്നാൽ, ലൈസൻസ് കൊടുത്തവരും ആനുകൂല്യങ്ങൾ നൽകി വളർത്തിയവരുമാണ് ഇപ്പോഴും കാസിനോകൾക്കെതിരെ ശബ്ദമുയർത്തുന്നത് എന്നതാണ്. കാസിനോകൾക്കെതിരെ ഇത്തവണ ഒരുപടി മുന്നിൽ നിന്നത് കോൺഗ്രസ് ആണെന്നതിൽ സംശയമില്ല. മാർച്ച് 11ന് ജനവിധി തങ്ങൾക്ക് അനുകൂലമാണെങ്കിൽ അത് കാസിനോകളുടെ കൂടി മരണമണിയായിരിക്കുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ തന്നെ വ്യക്തമാക്കിയിരിക്കുന്നു. മണ്ഡോവി നദിയിലെ കാസിനോകളെയെല്ലാം കെട്ടുകെട്ടിക്കുമെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞതാണ്. എന്നാൽ അധികാരത്തിലെത്തിയാൽ മാർച്ച് 31നു ശേഷം ഈ കാസിനോകളുടെയെല്ലാം മദ്യലൈസൻസ് റദ്ദാക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്. കാസിനോകളിലെ മദ്യവിൽപന നിയമവിരുദ്ധമാണെന്നാണ് കോൺഗ്രസ് പക്ഷം. ഇതിനെതിരെ കാസിനോകൾ സുപ്രീംകോടതിയെ സമീപിച്ചാൽ അത് പ്രതിരോധിക്കാനുള്ള ശ്രമങ്ങളുള്‍പ്പെടെ തങ്ങളുടെ ഭാഗത്തുണ്ടാകുമെന്നും ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ലൂയിസിനോ ഫലൈറോ പറയുന്നു. 

goa-4.jpg.image.784.410

ഹൈവേ ചതിച്ചു!

ഹൈവേകൾക്ക് 500 മീറ്റർ പരിധിയിൽ മദ്യശാലകളുണ്ടാകരുതെന്ന സുപ്രീംകോടതി വിധി വഴി കാസിനോകളിലെ മദ്യക്കച്ചവടം തടയാമെന്നായിരുന്നു സർക്കാർ ആദ്യം കരുതിയത്. പക്ഷേ ഗൂഗിൾ മാപ്പ് വഴിയുള്ള പരിശോധനയിൽ സമീപത്തുള്ള ദേശീയപാത 17ൽ നിന്ന് 800 മീറ്റർ അകലെയാണ് കാസിനോകളെന്ന് വ്യക്തമായി. എക്സൈസ് വകുപ്പായിരുന്നു ഇതുസംബന്ധിച്ച പരിശോധന നടത്തിയത്. നിലവിൽ മണ്ഡോവി നദിയിൽ നിന്ന് കാസിനോകൾ മാറ്റി വേറൊരിടത്ത് സ്ഥാപിക്കാൻ ബിജെപി സർക്കാർ നൽകിയിരിക്കുന്ന കാലാവധിയും മാർച്ച് 31നാണ് അവസാനിക്കുന്നത്. പക്ഷേ എങ്ങോട്ടാണ് ഇവ മാറ്റുകയെന്ന കാര്യത്തിൽ ബിജെപിക്കും മറുപടിയില്ല. കാസിനോ വിഷയത്തിൽ കോൺഗ്രസ് നിലപാട് ചൂണ്ടിക്കാണിച്ചപ്പോൾ ലക്ഷ്മികാന്ത് പ്രതിരോധിച്ചതിങ്ങനെ: ‘കോൺഗ്രസ് സര്‍ക്കാരാണ് കാസിനോകൾക്ക് ലൈസൻസ് നൽകിയത്. നിലവിൽ മണ്ഡോവിയിൽ അത് ആറെണ്ണമേയുള്ളൂ. ബിജെപി ഇല്ലായിരുന്നെങ്കിൽ ബിജെപി ആറിൽക്കൂടുതൽ കാസിനോകൾക്ക് ലൈസൻസ് നൽകിയേനെ...’ ബിജെപി അധികാരത്തിലെത്തിയിട്ടും എന്തുകൊണ്ട് കാസിനോകൾ മാറ്റിയില്ലെന്ന ചോദ്യവും വന്നു. 2012ൽ പ്രചാരണസമയത്ത് ബിജെപി പ്രധാനമായും മുന്നോട്ടുവച്ചത് കാസിനോകളുടെ അടച്ചുപൂട്ടലെന്ന വാഗ്ദാനവുമായിരുന്നു. പക്ഷേ നിയമപരമായി അതിനു തടസ്സമുണ്ടെന്നായിരുന്നു അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി. നിയമാനുസൃതമായാണ് അവയെല്ലാം പ്രവർത്തിക്കുന്നത്. കാസിനോകൾ സർക്കാരിന്റെ നീക്കത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്താൽ തങ്ങൾക്ക് ഉത്തരംമുട്ടിപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞുകളഞ്ഞു. എന്തായാലും കപ്പലിലെ ചൂതാട്ടകേന്ദ്രങ്ങൾ വഴി മണ്ഡോവി നദി മലിനീകരിക്കപ്പെടാതിരിക്കാൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് ലക്ഷ്മികാന്തിന്റെ ഉറപ്പ്!

goa-6.jpg.image.784.410

കള്ളം പൊളിച്ച് ആം ആദ്മി

കാസിനോകൾ സർക്കാരിനെ സഹായിക്കുന്നുവെന്നത് വെറും തെറ്റിദ്ധാരണയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പക്ഷം. ഗോവയിലേക്ക് മദ്യവും മയക്കുമരുന്നും വേശ്യാവൃത്തിയും ഇറക്കുമതി ചെയ്യുന്നത് കാസിനോകൾക്കു വേണ്ടിയാണെന്നും അവർ വിമർശിക്കുന്നു. പതിനായിരം പേർക്ക് തൊഴിൽ നൽകുന്നുവെന്നാണ് കാസിനോകൾ അവകാശപ്പെടുന്നത്. എന്നാൽ എഎപിയുടെ പരിശോധനയിൽ അത് 2500 ആണെന്നും തെളിഞ്ഞത്രേ! മാത്രവുമല്ല അതിലേറെയും ഗോവയ്ക്ക് പുറത്തു നിന്നുള്ളവരുമാണ്. സംസ്ഥാന സർക്കാരാകട്ടെ കാസിനോകളിലൊഴുകുന്ന പണത്തിന്റെ യാതൊരു കണക്കും പ്രസിദ്ധീകരിക്കുന്നുമില്ല. 

അതേസമയം രാഷ്ട്രീയപാർട്ടികൾക്കൊപ്പം ഇത്തവണ തിരഞ്ഞെടുപ്പു കമ്മിഷനും കാസിനോകൾക്കിട്ടൊരു തട്ട് കൊടുത്തിരുന്നു. എല്ലാ ചൂതാട്ടകേന്ദ്രങ്ങളിലെയും ഫെബ്രുവരി അഞ്ചു വരെയുള്ള മുഴുവൻ ഇടപാടുകളുടെയും വിവരങ്ങൾ വാണിജ്യനികുതി വകുപ്പിന് കൈമാറണമെന്നതായിരുന്നു അത്. സ്വൈപ്പിങ് മെഷീന്റെ സീരിയൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, അഡ്രസ് തുടങ്ങിയവയെല്ലാം ഇതോടൊപ്പം നൽകേണ്ടതുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ചൂതാട്ടകേന്ദ്രങ്ങള്‍ വഴി വൻതോതിൽ പണമിറക്കുന്നുവെന്ന പരാതിയുടെ സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്. 

എന്തായാലും സർക്കാരും രാഷ്ട്രീയപാർട്ടികളും ഒരുപോലെ വാളോങ്ങുമ്പോൾ ഗോവയിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പുഫലം കാസിനോകൾക്ക് കാലക്കേടാണു സമ്മാനിക്കുകയെന്നു പറയാതെ വയ്യ. മദ്യം പോലെത്തന്നെ ഗോവയോട് ചേർന്നിരിക്കുന്ന കാസിനോകളില്ലാത്ത അവസ്ഥയെപ്പറ്റിയും ആലോചിച്ചു തുടങ്ങാമെന്നു ചുരുക്കം. അതുമല്ലെങ്കിൽ ഒരുപക്ഷേ രാഷ്ട്രീയപാർട്ടികൾ കാസിനോകളെ മുന്നിൽ വച്ചു നടത്തിയ ഒരു ഭാഗ്യപരീക്ഷണവുമായി മാറിയേക്കാം ഇത്തവണത്തെ തിരഞ്ഞെടുപ്പും. അധികാരത്തിലെത്തുന്നത് ആരായാലും, അവർ എല്ലാം പതിവുപോലെ മറന്നേക്കാമെന്നർഥം. അങ്ങിനെയെങ്കിൽ അഞ്ചു വർഷത്തിനപ്പുറം വീണ്ടും കേൾക്കാം ‘കാസിനോകൾ ഞങ്ങള്‍ അടച്ചുപൂട്ടിയിരിക്കും...’ എന്ന മുദ്രാവാക്യം.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :