ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്ക് കേരളത്തിന്റെ സംഭാവനയും. കേരളത്തിലെ സായുധസേനയുടെ പത്ത് കമ്പനി ഉദ്യോഗസ്ഥരാണ് യു.പിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്ളത്. ഈ സേനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് യുവ ഐ.പി.എസ് ഉദ്യോഗസ്ഥ മെറിന് ജോസഫും. ആദ്യമായാണ് കേരള പൊലീസിലെ ഒരു വനിതാ ഉദ്യോഗസ്ഥ മറ്റൊരു സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ജോലികളുടെ ചുമതലയില്‍ വരുന്നത്.
കേരളത്തിലെ ഏഴ് ബറ്റാലിയനുകളില്‍ നിന്ന് 10 കമ്പനികളിലായി 987 പൊലീസുകാരാണ് ഉത്തര്‍പ്രദേശില്‍ വിവിധ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് ജോലികളില്‍ ഉള്ളത്. ഗോവയില്‍ നിന്നാണ് ഇവര്‍ യു.പിയിലെത്തിയത്. ഗോണ്ടയില്‍ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുവേണ്ട ഒരുക്കങ്ങളുടെ ഭാഗമായി നടത്തിയ യോഗത്തിനിടെയാണ് മനോരമ ന്യൂസ് സംഘം ഇവരെ കണ്ടത്. പുരുഷ പൊലീസുകാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഇടയില്‍ മെറിന് ജോസഫ് എന്ന യുവ ഐ.പി.എസ് ഉദ്യോഗസ്ഥ കേരളത്തിലെ ബറ്റാലിയനുകളുടെ കമന്‍ഡാന്റ് എന്ന നിലയില്‍ നിര്‍വഹിക്കുന്ന കാഴ്ച പുതുമയുള്ളതായിരുന്നു.
ആഗ്ര, ഷാജഹാന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ പിന്നിട്ട് കാന്‍പൂര്‍, ഗോണ്ട, ഗൊരഖ്പൂര്‍, ഗാസിപൂര്‍ തുടങ്ങി തിരഞ്ഞെടുപ്പിന് ക്രിമിനല്‍ ഭീഷണി കൂടുതലുള്ള പ്രദേശങ്ങളിലും കേരളസംഘം എത്തി. പോളിങ് ബൂത്തുകളുടെ സംരക്ഷണമാണ് പ്രധാനമായും വരുന്ന ചുമതല. റൂട്ട് മാര്‍ച്ചും ഫ്ലാഗ് മാര്‍ച്ചും നടത്തുക, ചെക്പോസ്റ്റുകളുടെ പട്രോളിങ് തുടങ്ങിയ ജോലികളും സംഘം ഏറ്റെടുക്കുന്നുണ്ട്.