മോരിഗൻ (അസം) ∙ എംഎൽഎയുടെ കാലിൽ തൊട്ട് എൻജിനീയർ ക്ഷമ ചോദിച്ചത് വിവാദമായി. അസമിലെ നാഗോൻ ജില്ലയിലാണ് സംഭവം. ബിജെപി എംഎൽഎ ദിംബേശ്വർ ദാസ് അപ്രതീക്ഷിത സന്ദർശനത്തിനായി കോതിയാതോലി ബ്ലോക്കിൽ എത്തിയപ്പോഴാണ് സംഭവം. എംഎൽഎയുടെ കാർ വഴിമുടക്കി കിടക്കുന്നതു കണ്ട് എൻജിനീയറായ ജയന്ത ദാസ് അതു മാറ്റിയിടാൻ നിർദേശം നൽകി.
ഇതോടെ എംഎൽഎയുടെ അനുയായികൾ ക്ഷുഭിതരായി. എംഎൽഎ ശകാരിച്ചതോടെ ജയന്ത ദാസ് കാലിൽ തൊട്ടു ക്ഷമ ചോദിച്ചു. പ്രാദേശിക ടിവി ചാനൽ ഇക്കാര്യം പകർത്തിയതോടെയാണ് വിവാദമായത്. അതേസമയം സംഭവം ദിംബേശ്വർ ദാസ് നിഷേധിച്ചു.