അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്. ഈ മാസം എട്ടിനോ ഒന്‍പതിനോ ശശികല സത്യപ്രതിജ്ഞ ചെയ്തേയ്ക്കും. നാളെ ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.
അണ്ണാഡിഎംകെയുടേയും സര്‍ക്കാരിന്റേയും നിയന്ത്രണം വീണ്ടും ഒരേ കൈകളിലേയ്ക്ക്. ജയലളിതയുടെ മരണ ശേഷം സര്‍ക്കാരിന്റെ തലപ്പത്ത് പനീര്‍സെല്‍വവും പാര്‍ട്ടിയുടെ തലപ്പത്ത് ശശികലയും എന്ന രീതി അവസാനിയ്ക്കുന്നു. അടുത്ത ബുധനാഴ്ച്ചയോ വ്യാഴാഴ്ച്ചയോ ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന. ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം കൂടി ശശികല ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ഉചിതമായ സമയമാകട്ടെ എന്ന നിലപാടിലായിരുന്നു ഇവര്‍.
ജല്ലിക്കട്ട് പ്രക്ഷോഭം കൈകാര്യം ചെയ്ത രീതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരം ശക്തമാണ്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള ഉചിതമായ സമയം ഇതാണെന്നാണ് ശശികല കരുതുന്നത്. സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന്റെ രാജിയും ഇതിനു മുന്നോടിയായാണ് എന്നാണ് സൂചന. ഞായറാഴ്ച്ച ചേരുന്ന എം.എല്‍എമാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം.