മണിപ്പൂരില്‍ പുതിയ രാഷ്ട്രീയ സംസ്കാരത്തിന് തുടക്കമിടുകയാണെന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മനുഷ്യവകാശ സമരനായിക ഇറോം ശര്‍മിള. മൂന്നുവട്ടം മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ ഒകറാം ഇബോബിക്കെതിരെ തൗബാല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന അവര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇറോം രൂപീകരിച്ച പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് 60 അംഗ നിയമസഭയില്‍ ഏഴു സീറ്റിലാണ് മല്‍സരിക്കുക.
മണിപ്പൂരിന്റെ മാത്രമല്ല, മനുഷ്യാവകാശ സമരങ്ങളുടെയെല്ലാം ജീവിക്കുന്ന പ്രതീകമായിരുന്ന ഇറോം ചാനു ശര്‍മിള പ്രചാരണത്തില്‍ ഒറ്റയ്ക്കാണ്. ഇംഫാലില്‍ നിന്ന് രണ്ടര മണിക്കൂര്‍ കൊണ്ട് മുപ്പതു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി പ്രചാരണത്തിനെത്തിയ ശര്‍മിള പലേടത്തും നിര്‍ത്തിയെങ്കിലും അവരോട് സംസാരിക്കാന്‍ പോലും പലരും തയ്യാറായില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒന്നാം നാള് അവര്‍ക്കൊപ്പം ചേര്‍ന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം . സമ്മിശ്രപ്രതികരണമാണ് ജനങ്ങളുടേതെന്നും അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തും. പൊതുജനങ്ങളില്‍ നിന്ന് പത്തുരൂപ വീതം പിരിച്ചെടുക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫണ്ടെന്നും ശര്‍മിള മനോരമ ന്യൂസിനോടു പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി, സിപിഐ, സിപിഎം തുടങ്ങി മണിപ്പൂരിലെ ചെറുകിട പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇറോം നടത്തുന്നത്. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്് നേരിട്ട് ഏറ്റുമുട്ടുന്നത്.