കേന്ദ്രബജറ്റ് മുന്‍നിശ്ചയിച്ച പ്രകാരം ഫെബ്രുവരി ഒന്നിന് തന്നെ അവതരിപ്പിക്കും. ബജറ്റ് മാറ്റിവയ്ക്കണമെന്ന പൊതുതാല്പര്യഹര്ജി സുപ്രീംകോടതി തളളി. ബജറ്റ് പ്രഖ്യാപനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന വാദം കോടതി അംഗീകരിച്ചില്ല.
പതിവില്‍ നിന്ന് വ്യത്യസ്തമായി ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന വാദം ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ , ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ച് തളളി. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ ബജറ്റ് പ്രഖ്യാപനങ്ങള്‍ സ്വാധീനിക്കുമെന്നായിരുന്നു പൊതുതാല്‍പര്യഹര്‍ജിയിലെ മറ്റൊരു വാദം. വോട്ടര്‍മാരെ ബജറ്റ് എങ്ങനെയാണ് സ്വാധീനിക്കുകയെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്കാന് ഹര്ജിക്കാര്ക്കായില്ല. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ആവശ്യമാണ് ഉന്നയിക്കുന്നതെന്നും ഹര്‍ജി തളളണമെന്നും അറ്റോര്‍ണി ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിച്ച കോടതി, ഹര്‍ജി തളളുകയായിരുന്നു. ഇതോടെ, ബജറ്റ് അവതരണത്തിനുളള തടസം നീങ്ങി. സമാന ആവശ്യവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.