തമിഴ്നാട്ടിലെ എന്നൂര് തുറമുഖത്തിന് സമീപം ചരക്കുകപ്പലുകള്‍ കൂട്ടയിടിച്ചതിനെ തുടര്‍ന്നുണ്ടായ എണ്ണ ചോര്‍ച്ച കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിച്ചതായി കണ്ടെത്തല്‍. ഇതോടെ കടലില്‍ പരന്ന എണ്ണ നീക്കം ചെയ്യാന്‍ ദിവസങ്ങളെടുക്കുെമന്ന് ഉറപ്പായി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന എണ്ണ എത്രയും വേഗം നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് ആവശ്യപ്പെട്ടു.
പാലവാക്കം മുതല്‍ ഉത്താണ്ടി വരെയുള്ള 32 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലേയ്ക്ക് കപ്പലില്‍ നിന്ന് ചോര്‍ന്ന അസംസ്കൃത എണ്ണ വ്യാപിച്ചു കഴിഞ്ഞു. ഇതോടെ ഇവ പൂര്‍ണമായും നീക്കം ചെയ്യാന്‍ കുറഞ്ഞത് ഒരാഴ്ച്ചയെങ്കിലും എടുക്കുമെന്നുറപ്പായി. 70 ടണ്‍ എണ്ണയാണ് ഇതുവരെ നീക്കം ചെയ്തത്. ഇനിയും പത്ത് ടണ്ണോളം ബാക്കിയുണ്ട്. തീരസംരക്ഷണസേനയും നാവിക സേനയും മലിനീകരണ നിയന്ത്രണ ബോര്‍ഡുമാണ് എണ്ണ നീക്കം ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തകരും സഹായത്തിനുണ്ട്. അതേസമയം തീരത്ത് കെട്ടികിടക്കുന്ന എണ്ണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ എണ്ണ എത്രയും വേഗം നീക്കം ചെയ്യാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് രംഗത്തെത്തി.
അതേസമയം കൂട്ടിയിടിച്ച രണ്ടു കപ്പലുകളും തീരസംരക്ഷണ സേനയുടെ കസ്റ്റഡിയിലാണ്. അധികൃതരെ ചോദ്യം ചെയ്തെങ്കിലും അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.