ഉത്തര്‍പ്രദേശടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ അടുത്തമാസം തിരഞ്ഞെടുപ്പ്. യുപിയില്‍ ഏഴും മണിപ്പൂരില്‍ രണ്ടും പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടത്തിലുമാണ് വോട്ടെടുപ്പ്. ഫലം മാര്‍ച്ച് പതിനൊന്നിന് പ്രഖ്യാപിക്കും.
അടുത്തമാസം നാലിന് പഞ്ചാബിലും ഗോവയിലും നടക്കുന്ന വോട്ടെടുപ്പുകളോടെയാണ് രണ്ടുമാസം നീളുന്ന തിരഞ്ഞെടുപ്പു പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ 403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 11 മുതല്‍ ഏഴുഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. 15, 19, 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് മറ്റ് ആറുഘട്ടങ്ങള്‍.
സംഘര്‍ഷബാധിതമായ മണിപ്പൂരില്‍ മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ അടുത്തമാസം പതിനഞ്ചിനും.
അഞ്ചുസംസ്ഥാനങ്ങളില്‍ ആകെ 690 നിയമസഭാമണ്ഡലങ്ങളുണ്ട്. 16 കോടിയോളം വോട്ടര്‍മാരും. ഇവര്‍ക്കായി ഒരുലക്ഷത്തി എണ്‍പത്തയ്യായിരം പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിക്കും. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ ഇരുപതിനായിരം രൂപവരെയുള്ള ചെലവുകള്ക്കുമാത്രമേ കറന്‍സി ഉപയോഗിക്കാന്‍ അനുമതിയുള്ളു. ഇതില്‍ കൂടുതല്‍ തുകയ്ക്കുള്ള എല്ലാ ചെലവുകളും സ്ഥാനാര്‍ഥിയുടെ ബാങ്ക് അക്കൗണ്ട് വഴിവേണം നടത്താന്‍. രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികളുടേയും ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങള്‍ വഴി നടത്തുന്ന പ്രചാരണവും തിരഞ്ഞെടുപ്പുചെലവില്‍ ഉള്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പുകമ്മിഷന് അറിയിച്ചു.