ഉത്തരാഖണ്ഡില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ച നേടുമെന്ന് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ. മുഖ്യമന്ത്രി ഹരീഷ് റാവത്തുമായി അഭിപ്രായവ്യത്യാസമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പണമൊഴുക്കി ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്നും കിഷോര്‍ ഉപാധ്യായ മനോരമന്യൂസിനോട് പറഞ്ഞു.
നേതാക്കള്‍ തമ്മിലുള്ള പോരായിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേരിട്ട പ്രധാന പ്രതിസന്ധി. വിമതകോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ പ്രതിഷേധവുമായി സംസ്ഥാനഅധ്യക്ഷന് കിഷോര്‍ ഉപാധ്യായ രംഗത്തെത്തിയിരുന്നു. ബിഎസ്പിയുമായി കൂട്ടുകൂടാനുള്ള ഹരീഷ് റാവത്തിന്റെ നീക്കത്തെ കിഷോര്‍ ഉപാധ്യായ് പരസ്യമായി എതിര്‍ത്തു. തുടര്‍ന്ന് ഹൈക്കമാന്റിന്റെ ഇടപെടലോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്
വിമതരെ കൂട്ടുപിടിച്ച് അധികാരത്തിലേറാനുള്ള ബിജെപിയുടെ നീക്കം ജനം മനസിലാക്കികഴിഞ്ഞു. വിമതനീക്കം പാര്‍ട്ടിയുടെ വിജയത്തെ ബാധിക്കില്ല. വിമതര്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സഹസ്പൂര്‍ മണ്ഡലത്തിലാണ് കിഷോര്‍ ഉപാധ്യായ മത്സരിക്കുന്നത്. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട സിറ്റിങ് എം.എല്‍ എ ആരേന്ദ്രശര്മ്മയാണ് പ്രധാന എതിരാളി.