ചെന്നൈ ഫിലിം ഫെസ്റ്റിവലില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തതിന് കസ്റ്റഡിയില്‍ എടുത്ത മലയാളി വിദ്യാര്‍ഥികളടക്കം മൂന്ന് പേരെ മോചിപ്പിച്ചു. എന്നാല്‍ തീയറ്ററില്‍ തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ പൊലിസ് കേസ് എടുക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഘാടകര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
ചെന്നൈ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന വടപളനി പലസോ തീയേറ്ററില്‍ ആണ് സംഭവം. സിനിമ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ കോട്ടയം സ്വദേശിയായ ബിജോണും സുഹൃത്ത് ശ്രീലയും ഇവരുടെ അമ്മയും എഴുന്നേറ്റു നില്ക്കാന് തയ്യാറായില്ല. ഇതോടെ ദേശീയ ഗാനത്തെ അപമാനിച്ചവരെ തീയറ്ററില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബഹളം വച്ചു. തുടര്‍ന്ന് സംഘാടകരെത്തി ഇവരെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പൊലിസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എന്നാല്‍ തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലും പൊലിസ് തയ്യാറാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ദേശീയ ഗാനത്തെ ആദരിയ്ക്കുന്നുവരാണ് തങ്ങളെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് സമീപനത്തെ ഇനിയും എതിര്‍ക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.