മുത്തലാഖ് മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. മുത്തലാഖ് നിരോധിക്കണമെന്ന പൊതുതാല്പര്യഹര്ജി പരിഗണിക്കവെയാണ് കേന്ദ്രം ആവശ്യമുന്നയിച്ചത്. മുത്തലാഖ് കേസില്‍ ഏതെല്ലാം വിഷയങ്ങള്‍ പരിഗണിക്കണമെന്ന് മാര്‍ച്ച് മുപ്പതിന് സുപ്രീംകോടതി തീരുമാനമെടുക്കും.
മുത്തലാഖിനെതിരെയുളള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട് അരക്കിട്ടുറപ്പിക്കുന്നതാണ് അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പരിഗണനാ വിഷയങ്ങള്‍ ഇങ്ങനെ. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോയെന്ന് പരിശോധിക്കണം. മുസ്ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോ,, മുത്തലാഖിന് ഭരണഘടനയുടെ സംരക്ഷണമുണ്ടോ, മനുഷ്യാവകാശസംരക്ഷണത്തിന് ഇന്ത്യ ഒപ്പുവച്ച രാജ്യാന്തര ഉടമ്പടികളുമായി ചേര്‍ന്നുപോകുന്നതാണോ എന്നും കോടതി തീര്‍പ്പു കല്പ്പിക്കണം. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിച്ച പരിഗണനാവിഷയങ്ങള്‍ മാര്‍ച്ച് മുപ്പതിന് പരിഗണിക്കും. മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ സൈറാ ബാനുവാണ് പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചത്.