ഇ. അഹമ്മദിന്റെ മരണത്തോടെ ഒഴിവു വന്ന മലപ്പുറത്തും ജയലളിതയുടെ മണ്ഡലമായിരുന്ന തമിഴ്നാട്ടിലെ ആര്.കെ നഗറിലും ഉള്‍പ്പെടെ പതിനഞ്ചു ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ പന്ത്രണ്ടിനാണ് മലപ്പുറത്തെ വോട്ടെടുപ്പ്. പതിനേഴിന് ഫലമറിയാം.
കേരളം, തമിഴ്നാട്, കര്‍ണാടക, ജമ്മുകശ്മീര്‍ ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലാണ് ഒഴിവുവന്ന ലോക്സഭാ, നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മലപ്പുറത്തും ആര്.കെ നഗറിലും നാമനിര്ദേശപത്രികസമര്പ്പിക്കേണ്ട അവസാനതീയതി ഈ മാസം 23 ആണ്. പിന്‍വലിക്കാനുള്ള അവസാന തീയതി 27. രണ്ടിടത്തും വോട്ടെടുപ്പ് ഏപ്രില്‍ 12 നാണ്. മലപ്പുറത്തെ വോട്ടെണ്ണല്‍ ഏപ്രില്‍ 17 നും ആര്.കെ നഗറില്‍ 15 നുമായിരിക്കും. ജമ്മുകശ്മീരിലെ അനന്ത്്നാഗ്, ശ്രീനഗര്‍ ലോക്സഭാ മണ്ഡലങ്ങളിലും അടുത്ത മാസം വോട്ടെടുപ്പ് നടക്കും. മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായതോടെയാണ് അനന്ത്്നാഗ് സീറ്റില്‍ ഒഴിവുവന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെല്ലാം പെരുമാറ്റചട്ടം നിലവില്‍ വന്നു. സുരക്ഷാക്രമീകരണം ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ വരും ദിവസങ്ങളില്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേരും. ആര്.കെ നഗര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പ്രത്യേക സുരക്ഷയൊരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ജൂലൈയില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഒഴിവു വന്ന സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിച്ചത്.