ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് മായാവതി. നോട്ട് അസാധുവാക്കിയതിന്റെ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളാന്‍ മായാവതി, ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്കി. ഇതിനിടെ ബി.ജെ.പി വിട്ട മുന്‍ ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദു രാഹുനിലെ കണ്ടശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതേസമയം, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലേക്കുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളുടേയും പട്ടിക പ്രഖ്യാപിച്ച ബി.എസ്.പി അധ്യക്ഷ മായാവതി ആരുമായും സഖ്യത്തിനില്ലെന്നും വ്യക്തമാക്കി. നോട്ട് അസാധുവാക്കലിലൂടെ യു.പിയിലെ 90ശതമാനം ജനങ്ങളുടെ ജീവിതം ദുരിതത്തിലായി. ദുരിതത്തിന്റെ അനന്തരഫലം ബി.ജെ.പി അനുഭവിക്കും. ജീവശ്വാസം വലിക്കുന്ന കോണ്‍ഗ്രസിനെ ഗൗരവത്തിലെടുക്കുന്നില്ലെന്നും മായാവതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കും. പശ്ചിമ യു.പി, രോഹില്‍ഖണ്ഡ് എന്നീ മേഖലകളിലെ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിക്കുന്നത്. അതിനിടെ, മുന്‍ ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായിരുന്ന നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് സിദ്ദു തിരഞ്ഞെടുപ്പിനെ നേരിടും.