E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 01 2021 08:02 PM IST

Facebook
Twitter
Google Plus
Youtube

More in India

ബ്രിട്ടീഷ് ഭരണത്തിൽ 3.5 കോടി ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ‘ആക്രമണം’ തുടർന്ന് തരൂർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

shashi-tharoor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യയെ സമൂലം തകർത്ത ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്കെതിരെ കടുത്ത വിമർശനവുമായി ശശി തരൂർ എംപി വീണ്ടും രംഗത്ത്. ബ്രിട്ടീഷുകാരുടെ കിരാത ഭരണകാലത്ത് 3.5 കോടിയിലധികം ആളുകൾ ഇന്ത്യയിൽ കൊല്ലപ്പെട്ടതായി ശശി തരൂർ ആരോപിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ മഹത്വം വിളമ്പുന്ന കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകം, ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ യഥാർഥ മുഖം വെളിവാക്കുന്ന മ്യൂസിയമാക്കി മാറ്റണമെന്നും ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ‘അൽ ജസീറ’യിൽ എഴുതിയ കോളത്തിലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ മഹത്വവൽക്കരിച്ചതിന്റെ തെളിവാണ് കൊൽക്കത്തയിലെ വിക്ടോറിയ സ്മാരകം. ഇന്ത്യയോട് അവർ ചെയ്തതെന്ത് എന്നതിന്റെ തെളിവായി ഈ സ്മാരകത്തെ ഒരു മ്യൂസിയമാക്കി മാറ്റണം. അക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായിരുന്ന ഇന്ത്യയെ (1700കളിൽ ലോകത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 27 ശതമാനം) കീഴടക്കി, രണ്ടു നൂറ്റാണ്ടുകളോളം കൊള്ളയും ചൂഷണവും നടത്തി, 1947ൽ രാജ്യം വിടുമ്പോഴേക്കും ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാക്കി മാറ്റുകയാണ് ബ്രിട്ടീഷുകാർ ചെ്യതതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷുകാരുടെ കാലത്തെ ചൂഷണങ്ങൾക്കെതിരെ ശശി തരൂർ നടത്തിയ പ്രസംഗങ്ങളും എഴുതിയ ലേഖനങ്ങളും സമൂഹമാധ്യമങ്ങളിൽ നേരത്തെ വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

ബ്രിട്ടീഷുകാർക്കെതിരെ തരൂർ നടത്തിയ ‘ആക്രമണങ്ങളിൽ ചിലത്’:

∙ ഇന്ത്യയുടെ വ്യാപാരം തകർത്തത് ‍ബ്രിട്ടീഷുകാർ

ഇക്കഴിഞ്ഞ ജയ്പുർ സാഹിത്യോൽസവത്തിനിടെ, ഇന്ത്യയുടെ വ്യാപാരം തകർത്തത് ബ്രിട്ടിഷുകാരാണെന്ന് തരൂർ ആരോപിച്ചിരുന്നു. ‘ആൻ ഇറ ഓഫ് ഡാർക്‌നസ്: ദ് ബ്രിട്ടിഷ് എംപയർ ഇൻ ഇന്ത്യ’ എന്ന തന്റെ പുതിയ പുസ്തകത്തെപ്പറ്റി പരാമർശിച്ചപ്പോഴാണ് തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘ഇന്ത്യയായിരുന്നു ലോകത്തിന്റെ മുൻനിര കയറ്റുമതിക്കാർ. മൽസരമില്ലാതാക്കാൻ ഇംഗ്ലിഷുകാർ ധാക്കയിലെയും മുർഷിദാബാദിലെയും തുണിമില്ലുകളെ തകർത്തു. ആസൂത്രിതമായി തുണിവ്യവസായത്തെ നശിപ്പിക്കുകയാണ് അവർ ചെയ്തത്. നെയ്ത്തുകാരെപ്പോലും കമ്പനി വെറുതെവിട്ടില്ല. അവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കി. ലോകത്തിലെ ഏറ്റവും വലിയ വസ്ത്രക്കയറ്റുമതിക്കാർ ഒടുവിൽ ഇംഗ്ലണ്ടിൽനിന്ന് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നവരായി– ശശി തരൂർ പറഞ്ഞു. ഇന്ത്യയുടേത് നവീനമായ ബാങ്കിങ് സംവിധാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

∙ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കു പരിഹാരം ചെയ്യുന്നതു കാണാൻ ആഗ്രഹം

ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കു പ്രായശ്ചിത്തമായി കൂട്ടക്കൊല നടന്ന സ്ഥലത്തു ബ്രിട്ടിഷ് രാജകുടുംബത്തിന്റെയോ ഭരണകൂടത്തിന്റെയോ പ്രതിനിധികളാരെങ്കിലും മുട്ടുകുത്തുന്നതു കാണാൻ ആഗ്രഹം. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികം എത്താനിരിക്കെ ഇന്ത്യയിൽ ഇരുനൂറു വർഷത്തെ കോളനി ഭരണത്തിനു രാജകുടുംബമോ പ്രധാനമന്ത്രിയോ പ്രായശ്ചിത്തം ചെയ്യുന്നതു കാണാൻ ആഗ്രഹമുണ്ട്.

ചരിത്രത്തിൽനിന്നുതന്നെ ഇതിന് രണ്ടുദാഹരണങ്ങളും അദ്ദേഹം പരാമർശിച്ചു. 1914ൽ ബ്രിട്ടിഷ് ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി ചെന്ന ‘കൊമഗതമാരു’ എന്ന കപ്പലിനു നങ്കൂരമിടാൻ അനുമതി നിഷേധിച്ചതിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഈവർഷം മാപ്പു പറഞ്ഞിരുന്നു. നാത്‌സികൾ നടത്തിയ കൊടുംപാതകങ്ങൾക്കു ജർമൻ സോഷ്യൽ ഡെമോക്രാറ്റ് നേതാവ് 1970ൽ വാഴ്സോയിൽ മുട്ടുകുത്തി പശ്ചാത്തപിച്ചതും ശശി തരൂർ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

∙ റെയിൽവേ, ബ്രിട്ടിഷുകാരുടെ ഏറ്റവും വലിയ അഴിമതി

കൊളോണിയൽ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതിയുടെ ബാക്കിപത്രമാണ് ഇന്ത്യൻ റെയിൽവേ. റെയിൽ ശൃംഖല നിർമിച്ചതിന്റെ പേരിൽ‌ ഇന്ത്യക്കാർ ബ്രിട്ടനോടു നന്ദിയുള്ളവരായിരിക്കണമെന്ന നിലപാടു ശരിയല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അസംസ്കൃത വസ്തുക്കൾ കൊണ്ടുപോകാൻ അവർ കണ്ടെത്തിയ മാർഗമായിരുന്നു റെയിൽ പാത. ഉൾനാടൻ മേഖലകളിലേക്കു സൈനികരെയും ജോലിക്കാരെയും എത്തിക്കുകയെന്നതും ബ്രിട്ടിഷുകാരുടെ ലക്ഷ്യമായിരുന്നെന്നും ടാറ്റ സാഹിത്യോൽസവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തരൂർ.

ബ്രിട്ടിഷുകാർ ഇന്ത്യയിൽ ഏറ്റവും ലാഭകരമായ നിക്ഷേപം നടത്തിയതും റെയിൽവേയിലാണ്. ടിക്കറ്റ് കലക്ടർ, സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ ജോലികളിൽ യൂറോപ്പുകാരെ മാത്രം നിയമിച്ച് അവർ വിവേചനം കാട്ടി. തടി ബെഞ്ചുള്ള മൂന്നാം ക്ലാസ് കംപാർട്ട്മെന്റുകളിലെ യാത്രയ്ക്ക് ഇന്ത്യക്കാരിൽനിന്ന് അവർ കൊള്ളനിരക്ക് ഈടാക്കി. അതേസമയംതന്നെ‌ ഇന്ത്യയിൽ ചരക്കുനീക്കം നടത്തിയ വിദേശ കമ്പനികൾക്കു വൻ ഇളവുകളും നൽകിയിരുന്നു.

∙ ‘ഇന്ത്യയ്ക്കു വേണം ബ്രിട്ടിഷ് നഷ്ടപരിഹാരം’

ബ്രിട്ടിഷ് കോളനിവാഴ്ചയ്ക്കെതിരെ ശശി തരൂർ 2015 ജൂലൈയിൽ ബ്രിട്ടനിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തിരുന്നു. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകർത്തതിനു ബ്രിട്ടൻ പ്രായശ്ചിത്തം ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള എംപിയുടെ പ്രസംഗമാണ് ഫെയ്സ്ബുക്കിലും യൂട്യൂബിലും വൈറലായത്. ഓക്സ്ഫഡ് സർവകലാശാലയിൽ നടന്ന ചർച്ചയിലെ 15 മിനിറ്റ് പ്രസംഗത്തിന്റെ വിഡിയോ യുട്യൂബിലുണ്ട്.

ബ്രിട്ടിഷുകാർ കോളനി ഭരണത്തിനായി എത്തുമ്പോൾ, ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നെന്നും ഇന്ത്യ വിടുമ്പോൾ അത് നാലു ശതമാനമായി കുത്തനെ ഇടിഞ്ഞുവെന്നും തരൂർ പറഞ്ഞു. ബ്രിട്ടൻ സ്വന്തം ആവശ്യത്തിനായാണ് ഇന്ത്യ ഭരിച്ചത്. ഇരുനൂറു കൊല്ലംകൊണ്ടു ബ്രിട്ടൻ കൈവരിച്ച സാമ്പത്തിക നേട്ടങ്ങളൊക്കെയും ഇന്ത്യയെ ചൂഷണംചെയ്തുണ്ടാക്കിയതാണ്. ഇതിന്റെ കടംവീട്ടേണ്ട ബാധ്യത ബ്രിട്ടനുണ്ട്.

ഓക്സ്ഫഡ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

നിങ്ങൾ ഞങ്ങളെ കൊള്ളയടിച്ചു

എട്ടു മിനിറ്റാണ് എനിക്കു സംസാരിക്കാൻ തന്നിരിക്കുന്നത്. ‘ഹെൻറി എട്ടാമൻ പബ്ലിക് സ്പീക്കിങ് സ്കൂളി’ൽ പെട്ടയാളാണു ഞാൻ. ഹെൻറി എട്ടാമൻ ഭാര്യമാരോടു പറഞ്ഞതുപോലെ ‘ ഞാൻ നിങ്ങളെ കൂടുതൽ സമയം ബുദ്ധിമുട്ടിക്കില്ല’– (സദസ്സിൽ നിന്നു നിറഞ്ഞ കയ്യടി. ഹെൻറി എട്ടാമൻ രാജാവ് ആറു തവണ വിവാഹം കഴിച്ചിരുന്നു.) ഏഴാമത്തെ പ്രസംഗകനാണ് ഞാൻ. ഞാനിപ്പോൾ എന്നെ കാണുന്നത് ഹെൻറി എട്ടാമന്റെ അവസാനത്തെ ഭാര്യയെപ്പോലെയാണ്. നിങ്ങൾ എന്നിൽ നിന്നു പ്രതീക്ഷിക്കുന്നതെന്താണെന്ന് എനിക്ക് അറിയാം. അത് വ്യത്യസ്തയോടെ ചെയ്യാനാവുമോ എന്നെനിക്കുറപ്പില്ല.

ബ്രിട്ടൻ ഇന്ത്യയിലെത്തിയപ്പോൾ ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് 23 ശതമാനമായിരുന്നു. ബ്രിട്ടിഷുകാർ പോയപ്പോഴേക്കും അത് നാലു ശതമാനത്തിൽ കുറവായി. ഇന്ത്യയെ കൊള്ളയടിച്ചത് ഉപയോഗിച്ചാണ് രണ്ടു നൂറ്റാണ്ടിലേറെ കാലം കൊണ്ട് ബ്രിട്ടൻ വളർന്നത്. ബ്രിട്ടനിലെ വ്യവസായവൽക്കരണം ഉണ്ടായത് ഇന്ത്യയിലെ വ്യവസായ നശീകരണത്തിൽ നിന്നാണ്. ഇന്ത്യയിലെ നെയ്ത്തുകാരുടെ കാര്യം തന്നെ എടുക്കാം. ബ്രിട്ടിഷുകാർ വരും മുൻപ് മസ്‌ലിൻ പോലെ മികച്ച തുണി ഉൽപാദിപ്പിച്ചിരുന്നവരാണ് ഇന്ത്യയിലെ നെയ്ത്തുകാർ. ലോകമെങ്ങും പ്രശസ്തി നേടിയവർ. ബ്രിട്ടിഷുകാർ എത്തി അവരുടെ കൈകൾ തല്ലിയൊടിച്ചു, തറികൾ തകർത്തു, നികുതികൾ ഏർപ്പെടുത്തി, അസംസ്കൃത വസ്തുക്കൾ ബ്രിട്ടനിലേക്കു കടത്തി. അവിടെ നിന്ന് ലോകമെമ്പാടും തുണി കയറ്റിയയച്ചു. ഇന്ത്യയിലെ നെയ്ത്തുകാർ പിച്ചക്കാരായി. ലോക വ്യാപാരത്തിൽ ഇന്ത്യയുടെ പങ്ക് 27 ശതമാനത്തിൽ നിന്ന് രണ്ടു ശതമാനത്തിൽ കുറവായി കുറഞ്ഞു.

അതേസമയം റോബർട്ട് ക്ലൈവിനെപ്പോലെയുള്ള കൊളോണിയലിസ്റ്റുകൾ ഹിന്ദിയിലെ ലൂട്ട് എന്ന വാക്ക് അവരുടെ സ്വഭാവത്തെപ്പോലെ തന്നെ ഇംഗ്ലിഷ് നിഘണ്ടുവിലേക്കു കൊണ്ടുപോയി (കയ്യടി). ക്ലൈവ് ഓഫ് ഇന്ത്യ എന്നു ബ്രിട്ടൻ വിളിച്ചു. ഇന്ത്യ മുഴുവൻ അയാളുടെയാണെന്ന പോലെ. (കയ്യടി). 19–ാം നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും ഇന്ത്യ ബ്രിട്ടന്റെ ഏറ്റവും വലിയ കറവപ്പശുവായി മാറിയിരുന്നു. ബ്രിട്ടൻ ഉണ്ടാക്കിവിടുന്ന സാധനങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യം, ബ്രിട്ടിഷുകാർക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കുന്ന രാജ്യം. ഞങ്ങളെ അടിച്ചമർത്തിയതിന് ഞങ്ങൾ അങ്ങോട്ടു പണം കൊടുക്കേണ്ടിവന്നു. 19–ാം നൂറ്റാണ്ടിലെ പണക്കാരായ ബ്രിട്ടിഷുകാരിൽ അഞ്ചിലൊരുഭാഗം 30 ലക്ഷം ആഫ്രിക്കൻ അടിമകളെ കടത്തിയാണു പണമുണ്ടാക്കിയത്. 1833ൽ അടിമത്തം അവസാനിപ്പിച്ചപ്പോൾ 20 ദശലക്ഷം പൗണ്ടാണ് നൽകിയത്– ജീവൻ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരമായല്ല അതു നൽകിയത്, മറിച്ച് ഭൂമി നഷ്ടപ്പെട്ടവർക്കാണ് അതു നൽകിയത്.

ഇന്ത്യയെക്കുറിച്ചു പറയാം. പതിനഞ്ചു ദശലക്ഷത്തിനും 20 ദശലക്ഷത്തിനും ഇടയിൽ ഇന്ത്യക്കാർ ബ്രിട്ടിഷ് ഭരണകാലത്തു പട്ടിണി മൂലം മരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാലു ദശലക്ഷം പേർ പട്ടിണി മൂലം മരിച്ച ബംഗാൾ ഏറ്റവും നല്ല ഉദാഹരണം. ബംഗാളിലെ ജനങ്ങൾക്കു കിട്ടേണ്ട ഭക്ഷണം മനപ്പൂർവം നൽകാതെ, ബ്രിട്ടനു ഭാവിയിൽ ഉപയോഗിക്കാൻ മാറ്റിവച്ചത് വിൻസ്റ്റൻ ചർച്ചിലാണ്. ഇതു ശരിയല്ലെന്നു ബ്രിട്ടിഷുകാർ തന്നെ ചർച്ചിലിനോടു ചൂണ്ടിക്കാട്ടിയപ്പോൾ ചർച്ചിൽ ഫയലിന്റെ മാർജിനിൽ എഴുതി–‘‘എന്തുകൊണ്ടാണ് ഇതുവരെ ഗാന്ധിജി മരിക്കാത്തത്?’’ 1943ൽ ചർച്ചിൽ ചെയ്തത് ഒരു ഉദാഹരണം മാത്രം. എത്രയോ ബ്രിട്ടിഷുകാർ ഇന്ത്യയോട് അതേ രീതിയിൽ പെരുമാറി. ബ്രിട്ടിഷ് സാമ്രാജ്യത്തിൽ സൂര്യനസ്തമിക്കാതിരുന്നതിൽ അദ്ഭുതമില്ല. കാരണം, ദൈവത്തിനു പോലും ഇരുട്ടത്ത് ബ്രിട്ടിഷുകാരെ വിശ്വാസമില്ലായിരുന്നു (കയ്യടി).

ഒന്നാം ലോകമഹായുദ്ധത്തിന്റെ കാര്യമെടുക്കാം. ബ്രിട്ടിഷ് സൈന്യത്തിൽ യുദ്ധം ചെയ്തവരിൽ ആറിലൊരു ഭാഗം ഇന്ത്യക്കാരായിരുന്നു. 54,000 ഇന്ത്യക്കാർക്ക് ആ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടു. 65,000 ഇന്ത്യക്കാർക്കു പരുക്കേറ്റു. 4000 ഇന്ത്യക്കാരെ കാണാതാവുകയോ അവർ ജയിലിലടയ്ക്കപ്പെടുകയോ ചെയ്തു. ഇന്ത്യയിലെ നികുതിദായകർ അക്കാലത്ത് 100 ദശലക്ഷം പൗണ്ട് നികുതിയടയ്ക്കേണ്ടിവന്നു. ഇന്ത്യ ആറു ലക്ഷം തോക്കുകൾ നൽകി, 40 ദശലക്ഷം വസ്ത്രങ്ങൾ ഇന്ത്യയിൽ നിർമിച്ചു തയ്ച്ച് പുറത്തേക്കു കൊണ്ടുപോയി. ഇന്ത്യയിൽ നിന്ന് അക്കാലത്തു കൊണ്ടുപോയ വസ്തുക്കളുടെ മൂല്യം ഇന്നത്തെ മൂല്യമനുസരിച്ചു കണക്കാക്കിയാൽ 800 കോടി പൗണ്ട് ആണ്. ഇന്ത്യ പട്ടിണി അനുഭവിക്കുന്ന സമയത്തായിരുന്നു ഇതെന്ന് ഓർക്കണം. രണ്ടാം ലോക മഹായുദ്ധകാലത്തെക്കുറിച്ചു പറയാം. അത് കൂടുതൽ മോശമാണ്. 25 ലക്ഷം ഇന്ത്യക്കാരാണ് ബ്രിട്ടനുവേണ്ടി പൊരുതിയത്. 1945ലെ ബ്രിട്ടന്റെ യുദ്ധക്കടം 300 കോടി പൗണ്ട് ആയിരുന്നു. അതിൽ 125 കോടി പൗണ്ട് ഇന്ത്യയുടേതാണ്. ഈ പണം ഇതുവരെ തിരിച്ചുതന്നിട്ടില്ല.

സ്കോട്‌ലൻഡിനെപ്പറ്റി ഇവിടെയാരോ പറഞ്ഞു. കോളനിവൽക്കരണമാണ് സ്കോട്‌ലൻഡുമായുള്ള നിങ്ങളുടെ ബന്ധം അരക്കിട്ടുറപ്പിച്ചത്. ഇന്ത്യയിൽ ഇഷ്ടം പോലെ സ്കോട്‌ലൻഡുകാർക്കു ജോലി കിട്ടുമെന്ന നില വന്നു. കച്ചവടക്കാരായും സൈനികരായും ഏജന്റുമാരായുമൊക്കെ ഇഷ്ടം പോലെ ജോലി. ഇത് സ്കോട്‌ലൻഡിനെ പട്ടിണിയിൽ നിന്നു കരകയറ്റി. ഇപ്പോൾ അതിന് ഇന്ത്യയില്ലല്ലോ. എല്ലുകൾ അയഞ്ഞുതുടങ്ങുന്നതിൽ അദ്ഭുതമില്ല. (സദസിൽ നിന്നു ചിരി).

റയിൽവേയെപ്പറ്റി ആരോ ഇവിടെ പറഞ്ഞു. ബ്രിട്ടനുവേണ്ടിയാണ് റയിൽവേയും റോഡും ഉണ്ടാക്കിയതെന്ന് ജമൈക്കൻ ഹൈമ്മിഷനർ പറഞ്ഞല്ലോ. ബ്രിട്ടനിലെ നിക്ഷേപകർക്ക് വലിയ ലാഭം ഉറപ്പുകൊടുത്താണ് ഇന്ത്യയിൽ റയിൽവേ ഉണ്ടാക്കിയത്. ഇന്ത്യയിൽ നിന്നുള്ള നികുതിയിൽ നിന്ന് വൻ ലാഭം ബ്രിട്ടൻ അവർക്ക് ഉറപ്പുകൊടുത്തു. അതുകൊണ്ട് എന്തുണ്ടായി? കാനഡയിലോ ഓസ്ട്രേലിയയിലോ ഒരു മൈൽ റയിൽവേ ലൈൻ ഉണ്ടാക്കുന്നതിന്റെ ഇരട്ടി തുക ചെലവാക്കിയാണ് ഇന്ത്യയിൽ ഒരു മൈൽ റയിൽവേ ലൈൻ നിർമിച്ചത്. കൂടുതൽ പണം നിക്ഷേപകർ തന്നതിനാലാണിത്. ലാഭമെല്ലാം ബ്രിട്ടൻ ഉണ്ടാക്കി.

ഇന്ത്യയ്ക്ക് ബ്രിട്ടൻ നൽകിയ ധനസഹായത്തെപ്പറ്റി ഒരാൾ പറഞ്ഞു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 0.4 % മാത്രമാണ് ബ്രിട്ടൻ ഇന്ത്യയ്ക്കു നൽകിയ ധനസഹായം. ഇതിൽ കൂടുതൽ ഇന്ത്യൻ സർക്കാർ വളം സബ്സിഡിയായി നൽകുന്നുണ്ട് (സദസിൽ നിന്നു ചിരി).

ബ്രിട്ടിഷ് കോളനികളായിരുന്ന രാജ്യങ്ങളിലെ ഇപ്പോഴത്തെ പല പ്രശ്നങ്ങൾക്കും കാരണം കോളനിവാഴ്ചയാണ്. രാജ്യങ്ങൾക്കു നഷ്ടപരിഹാരം നൽകിയ ചരിത്രമുണ്ടോ എന്നൊരാൾ ചോദിച്ചു. ഇസ്രയേൽ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾക്കു നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. ഇറ്റലി ലിബിയയ്ക്കു നഷ്ടപരിഹാരം നൽകി. ജപ്പാൻ കൊറിയയ്ക്കു നഷ്ടപരിഹാരം നൽകി. ബ്രിട്ടനും നഷ്ടപരിഹാരം നൽകിയ ചരിത്രമുണ്ട്–ന്യൂസീലൻഡിന്. എതിർപക്ഷത്തെ വാദങ്ങളുടെ സംക്ഷിപ്തമായി ടെക്സസിലെ പ്രയോഗം എടുത്തുപറയാം– ‘ഓൾ ഹാറ്റ് ആൻഡ് നേ‌ാ കാറ്റിൽ’ (വെറും പുറംപൂച്ചു മാത്രം, കഴമ്പില്ല.) ജനാധിപത്യത്തെപ്പറ്റി ഇപ്പോൾ നിങ്ങൾ പറയുന്നു. നിങ്ങൾ ജനങ്ങളെ കൊല്ലുകയും കൊല്ലാക്കൊല ചെയ്യുകയും ചെയ്ത് 200 വർഷം ഭരിച്ചിട്ട് അവസാനം ജനാധിപത്യം വന്നെന്നു പറഞ്ഞ് ആഘോഷിക്കുന്നു (കയ്യടി). ഞങ്ങൾക്കു ജനാധിപത്യം തന്നില്ല. ഞങ്ങൾക്കതു നിങ്ങളിൽ നിന്നു തട്ടിപ്പറിക്കേണ്ടിവന്നു.

ബ്രിട്ടൻ ഇന്ത്യയ്ക്കു നഷ്ടപരിഹാരം തരണമെന്നു പറയുമ്പോൾ എത്ര തുക വേണമെന്നു തീരുമാനിക്കുക ബുദ്ധിമുട്ടാണ്. ഉണ്ടായ നഷ്ടത്തിനൊക്കെ വിലയിടാനാവില്ല. എന്നാൽ നഷ്ടപരിഹാരം നൽകുകയെന്ന തത്വമാണിവിടെ പ്രധാനം. തരാനുണ്ടെന്നു തത്വത്തിൽ സമ്മതിക്കുക. ഒരു ‘സോറി’ പറഞ്ഞാൽ അതു വലിയ കാര്യമാണ്. അടുത്ത 200 വർഷത്തേക്ക് ബ്രിട്ടൻ ഇന്ത്യയ്ക്ക് പ്രതിവർഷം നഷ്ടപരിഹാരമായി ഒരു പൗണ്ട് തരാൻ തീരുമാനിച്ചാലും ഞാൻ സന്തോഷവാനാണ്. എല്ലാവർക്കും നന്ദി.

കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :