ത്രിശങ്കുവിലായ ഗോവയിലും മണിപ്പൂരിലും കുരുക്കഴിക്കാന്‍ പാടുപെട്ട് കോണ്‍ഗ്രസും ബിജെപിയും. രണ്ടിടത്തും കോണ്‍ഗ്രസാണ് വലിയ കക്ഷിയെങ്കിലും സര്‍ക്കാര്‍ രൂപീകരണനീക്കം എങ്ങുമെത്തിയിട്ടില്ല. ചെറുപാര്‍ട്ടികളെ പിടിച്ച് ബിജെപി തീവ്രശ്രമം നടത്തുന്നതാണ് വിലങ്ങുതടി. ഗോവയില്‍ മനോഹര്‍ പരീക്കറെ മുന്‍നിര്‍ത്തിയാണ് ബിജെപി നീക്കം. മണിപ്പൂരില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെ വീണ്ടും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു.
ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിന് അത്ര എളുപ്പമല്ല. ഗോവയില്‍ പതിനേഴ് സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസിന് മൂന്ന് സീറ്റുള്ള ഗോവ ഫോര്‍വേഡ് പാര്ട്ടിയുടടെയും ഒരു സീറ്റുള്ള എന്‍സിപിയുടെയും പന്തുണ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. നാല് മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തവണ ജയിച്ചതിനാല്‍ ആരെ നേതാവായി തിരഞ്ഞെടുക്കും എന്നത് കോണ്‍ഗ്രസിന് തലവേദനയാണ്. ഭൂരിപക്ഷത്തിനായി ബി.ജെ.പി ഇതര കക്ഷികളുമായും സ്വതന്ത്രരുമായും ചര്‍ച്ച നടത്തുകയാണെന്ന് ഗോവയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെസി വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഗോവയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് ബിജെപി വ്യക്തമാക്കി. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ നല്‍കുമെന്ന് കാണിച്ച് മൂന്ന് അംഗങ്ങളുള്ള എം.ജി.പി അമിത് ഷായ്ക്ക് കത്തയച്ചു.മണിപ്പൂരില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു.രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറിമാരായ സി,പി ജോഷി,ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഇബോബി സിങ് നാളെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. നാലുവീതം സീറ്റുനേടിയ എന്‍ പിപിയും എന്‍ പിഎഫും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രരുടെ പിന്തുണ കൂടി ഉറപ്പിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കും.