സമാജ്്വാദി പാര്‍ട്ടിയിലും ചിഹ്നത്തിലും അവകാശവാദമുന്നയിച്ച് അഖിലേഷ് യാദവ് വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പാര്‍ട്ടി ദേശീയഅധ്യക്ഷനായ അഖിലേഷ് യാദവിന് 90 ശതമാനം എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നു വ്യക്തമാക്കിയാണ് രാംഗോപാല്‍ യാദവിന്റെ നേതൃത്വത്തില്‍ കമ്മിഷനെ കണ്ടത്. ഇതേ ആവശ്യങ്ങളുന്നയിച്ച് മുലായംസിങ് യാദവിന്റെ നേതൃത്വത്തില്‍ ഇന്നലെ കമ്മിഷനെ സമീപിച്ചിരുന്നു.
പിളര്‍പ്പിന്റെ വക്കിലെത്തിയ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം അവകാശപ്പെട്ടാണ് ഇരുവിഭാഗവും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മുലായം സിങ് യാദവിനെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി ഉപദേഷ്ടാവാക്കിയ തീരുമാനം രാംഗോപാല്‍ യാദവ് കമ്മിഷനെ അറിയിച്ചു. 229 ല്‍ 200 എം.എല്‍.എ മാരുടെ പിന്തുണയും അഖിലേഷിനുണ്ടെന്നും രാംഗോപാല്‍ വ്യക്തമാക്കി.
അഖിലേഷിനെ ദേശീയഅധ്യക്ഷനായി നിയമിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്കെതിരാണെന്നും ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിയിട്ടില്ലെന്നുമാണ് മുലായം ഇന്നലെ കമ്മിഷനെ അറിയിച്ചത്. പാര്‍ട്ടി ചിഹ്നം മരവിപ്പിച്ച് ഇരുവിഭാഗത്തിനും പ്രത്യേകം ചിഹ്നം അനുവദിച്ചേക്കുമെന്നാണ് സൂചന. അതിനിടെ, അസംഖാന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടരുകയാണ്. മുലായവും അഖിലേഷുമായി സംസാരിക്കുമെന്ന് അസംഖാന് വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍ പ്രചരണരംഗത്ത് ശക്തമായി നില്‍ക്കവെയാണ് ഭരണകക്ഷിയായ സമമാജ്്വാദി പാര്‍ട്ടിയില്‍ ആഭ്യന്തര കലാപം തുടരുന്നത്. ഇത് ഭരണത്തുടര്‍ച്ചയ്ക്കുള്ള സാഹചര്യം ഇല്ലാതാക്കുമെന്ന് പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശങ്കയുണ്ട്.