പാക്കിസ്ഥാനു വെല്ലുവിളി ഉയർത്തുന്ന ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–4 വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ആഴ്ചകൾക്കു മുൻപാണ് അഗ്നി–5 മിസൈൽ വിജയകരമായി വിക്ഷേപിച്ചത്. ഒഡീഷയിലെ ബാലസോറിൽ വച്ചാണ് അഗ്നി–4 പരീക്ഷിച്ചത്.
അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലിന്റെ ദൂരപരിധി 4,000 കിലോമീറ്ററാണ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അഗ്നി–4 മിസൈലിൽ രണ്ടു ഘട്ടമായുള്ള വെപ്പൺ സിസ്റ്റമാണ്. 20 മീറ്റർ നീളവും 17 ടൺ ഭാരവുമുള്ള അഗ്നി–4ൽ അഞ്ചാം തലമുറ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ടൺ അണ്വായുധങ്ങൾ വരെ വഹിക്കാൻ അഗ്നി നാലിനു സാധിക്കും.
അഗ്നി–4 ന്റെ അഞ്ചാം പരീക്ഷണമാണിത്. 2011, 12, 14, 15 എന്നീ വർഷങ്ങളിലും പരീക്ഷണം നടത്തിയിരുന്നു. പാക്കിസ്ഥാനെ ലക്ഷ്യമിട്ടാണ് അഗ്നി–4 വികസിപ്പിച്ചെടുത്തത്. അഗ്നി 1, 2, 3, പൃഥ്വി എന്നി മിസൈലുകളും ഇന്ത്യ നേരത്തെ വിജയകരമായി പരീക്ഷിച്ചിരുന്നു.