ഭാവിയെക്കുറിച്ച് ആകാംക്ഷയുണ്ടെങ്കിലും പനീര്‍സെല്‍വത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തമിഴ്നാട്ടിലുടനീളം ശശികല വിരുദ്ധര്‍ക്ക് ആവേശമായി. ശശികലയുടെ സ്ഥാനാരോഹണത്തില്‍ അതൃപ്തരായിരുന്നവരില് ഏറെയും പനീര്‍സെല്‍വത്തെ പിന്തുണച്ച് തെരുവിലിറങ്ങി. എന്നാല്‍ എംഎല്‍എമാരില്‍ ഭൂരിപക്ഷവും ശശികലയ്ക്കൊപ്പമാണെന്ന് അര്‍ധരാത്രി ചേര്‍ന്ന നേതൃയോഗം തെളിയിച്ചു.
ജയലളിതയുടെ മരണംമുതല്‍ ശശികലയ്ക്കെതിരെ ഉയര്‍ന്ന ജനവികാരം പനീര്‍സെല്‍വത്തില്‍ പുതിയ നേതാവിനെ കണ്ടെത്തുന്ന പ്രതീതിയാണ് ചെന്നൈയിലേയും മറ്റ് നഗരങ്ങളിലേയും തെരുവുകളില്‍ ഉണ്ടായത്. ശശികല മുഖ്യമന്ത്രിയാകുന്നതിനെ ധാര്‍മികമായും വൈകാരികമായും എതിര്‍ക്കുന്നവരുടെ വികാരപ്രകടനം ഫലത്തില്‍ പനീര്‍സെല്‍വത്തിനുള്ള പിന്തുണയാകുകയായിരുന്നു.
അണ്ണാ ഡിഎംകെയിലെ ചേരിപ്പോരില്‍ ആഹ്ലാദമുണ്ടെങ്കിലും കരുതലോടെയാണ് ഡിഎംകെ പ്രതികരിച്ചത്. ജനവികാരം ശശികലയ്ക്കെതിരാണെങ്കിലും പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളും ഭാരവാഹികളും ഇപ്പോഴും ശശികലയ്ക്കൊപ്പമാണ്. രാത്രി വൈകി പോയസ് ഗാര്‍ഡനില്‍ ചേര്‍ന്ന യോഗത്തില്‍ എണ്‍പതോളം എംഎല്‍എമാരും ഇരുപതോളം മന്ത്രിമാരും പങ്കെടുത്തിരുന്നു. പിന്തുണയുമായി പാര്‍ട്ടി പ്രവര്‍ത്തകരുമെത്തി.
പനീര്‍സെല്‍വത്തിന്റെ വസതിയില്‍ എത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമായിരുന്നു. 234 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 117 പേരുടെ പിന്തുണവേണം. അണ്ണാ ഡിഎംകെയ്ക്ക് പനീര്‍സെല്‍വം ഉള്‍പ്പെടെ 134 എംഎല്‍എമാരുണ്ട്. ഇതില്‍ പതിനെട്ടുപേര് മാറിനിന്നാല്‍പ്പോലും സര്‍ക്കാരുണ്ടാക്കാന്‍ സ്വതന്ത്രരുടേയോ മറ്റുകക്ഷികളുടേയോ പിന്തുണവേണ്ടിവരും.