സബേര്‍ബന്‍ റെയില്‍ പദ്ധതിക്കായി കര്‍ണാടക സര്‍ക്കാരും റെയില്‍വേയും ധാരണയിലെത്തി. മലയാളികള്‍ അടക്കമുള്ള ബെംഗളൂരു നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യത്തോട് അടുക്കുന്നത്. എന്നാല്‍ പദ്ധതിച്ചെലവ് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
ബെംഗളൂരു ഡിവിഷന്റെ പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതിനാല്‍ സബേര്‍ബന്‍ സര്‍വീസുകള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഇനി ഒരുക്കേണ്ടത്. 140 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുള്ള നഗരപരിധിയില്‍ 40 സ്റ്റേഷനുകളാണുള്ളത്. പദ്ധതിക്കായുള്ള ഭീമമായ ചെലവാണ് കര്‍ണാടക സര്‍ക്കാരിനെ വലയ്ക്കുന്നത്. പദ്ധതിചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി പങ്കിടണമെന്ന്് മുഖ്യമന്ത്രി സിദ്ധരാമയ്യ റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഗതാഗതകുരുക്കില്‍ വലയുന്ന ബെംഗളൂരു നിവാസികളുടെ മൂന്നു പതിറ്റാണ്ടായുള്ള ആവശ്യമായണ് സബേര്‍ബന്‍ ട്രെയിന്‍ . മലയാളി സംഘടനകളടക്കം പ്രതിഷേധങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിട്ടുണ്ട്. നഗരത്തിലെ പത്ത് പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചായിരിക്കണം സബേര്‍ബന്‍ റയില്‍പാത എന്നാവശ്യപ്പെട്ട് റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് സിറ്റിസണ്‍ ഫോര്‍ ബെംഗളൂരു എന്ന കൂട്ടായ്മ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.