രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ മൂന്നുലക്ഷത്തില്‍ താഴെ; 2.81 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

india-covid-update
SHARE

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ മൂന്നുലക്ഷത്തില്‍ താഴെ. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 2.81 ലക്ഷം പേര്‍ക്ക്. ഏപ്രില്‍ 22 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികള്‍ മൂന്നുലക്ഷത്തില്‍ താഴെയെത്തുന്നത്. 24 മണിക്കൂറിനിടെ  2,81,386 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 3,78,741 പേര്‍ രോഗമുക്തി നേടിയത് ആശ്വാസമായി. ചികില്‍സയിലുള്ളവരുടെ എണ്ണം 35,16,997 ആയി കുറഞ്ഞു. എന്നാല്‍, മരണനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. ഇന്നലെ 4,106 പേര്‍ മരിച്ചു. 18 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 

ഡിആർഡിഒയും റെഡ്ഡീസ് ലബോറട്ടറിയും സംയുക്തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നായ 2 ഡിയോക്സി ഡി ഗ്ളൂക്കോസ് എന്ന 2 ഡി.ജി കേന്ദ്രം പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മരുന്നിന്റെ ആദ്യ ബാച്ച് നല്‍കി. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ അലിയിച്ചാണ് നല്‍കുക. മിതമായും ഗുരുതരമായും രോഗം ബാധിച്ചവര്‍ക്ക് മരുന്ന് ഫലപ്രദമാണെന്നും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെ വേഗത്തില്‍ കുറയുമെന്നുമാണ് കണ്ടെത്തല്‍. പരീക്ഷണഘട്ടത്തില്‍ മരുന്ന് നല്‍കിയ 42 ശതമാനം പേര്‍ക്കും മൂന്നാംദിവസം ഓക്സിജന്‍ ആവശ്യമില്ലാതെ വന്നുവെന്നാണ് ഫലം. 

ഓക്സിജന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പൂഴ്‍ത്തിവച്ച ആരോപണത്തില്‍ ഗൗതംഗംഭീര്‍ എം.പി, ആം ആദ്മി എംഎൽഎ ദിലീപ് പാണ്ഡെ, ബി.വി.ശ്രീനിവാസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കിയ ഡല്‍ഹി പൊലീസ്,  നേതാക്കള്‍ ജനങ്ങളെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ബി.വി.ശ്രീനിവാസിനെ പൊലീസ് ചോദ്യം ചെയ്തത് വിവാദമായിരുന്നു. രണ്ടാം തരംഗം രൂക്ഷമാകുന്നതിന് കാരണമായ ബി. 1.617 വകഭേദം സംബന്ധിച്ച മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചെന്ന് വിമര്‍ശിച്ച വിദഗ്ധ സമിതി അധ്യക്ഷനും മുതിര്‍ന്ന വൈറോളജിസ്റ്റുമായ ഡോ.ഹാഹീദ് ജമീല്‍ രാജിവച്ചത് കേന്ദ്രസര്‍ക്കാരിന് ക്ഷീണമായി. 

MORE IN INDIA
SHOW MORE
Loading...
Loading...