ഐസിയുവിലേക്ക് ഇരച്ചുകയറി ബന്ധുക്കൾ, കന്റീനിൽ ഒളിച്ച് ഡോക്ടർമാർ; ദാരുണ ദൃശ്യം

dead-body-representational-image
SHARE

കോവിഡിന്റെ രണ്ടാം തരംഗം പിടിവിട്ടു പടരുന്നതിനിടെ ഹൃദയഭേദകമായി ഒരു വിഡിയോ. ഡൽഹി ഗുഡ്ഗാവിലെ ആശുപത്രിയിൽനിന്നുള്ള വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്നിനു പുറകെ ഒന്നായി അ‍ഞ്ചു രോഗികളുടെ മൃതദേഹങ്ങൾ കിടക്കയിൽ കിടക്കുന്നത് വിഡിയോയിൽ കാണാം.

അ‍ഞ്ചു ദിവസം മുൻപുള്ള വിഡിയോയിൽ കോവിഡ് രോഗികളുടെ ബന്ധുക്കള്‍ ഐസിയുവിൽ കയറുന്നതും ഡോക്ടർമാരെയോ ജീവനക്കാരെയോ കണ്ടെത്താതിരിക്കുന്നതും കാണാം. മരിച്ചു കിടക്കുന്ന അഞ്ചു രോഗികളുടെ മൃതദേഹങ്ങളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ‘ഡെഡ്, ഡെഡ്...’ എന്ന് ഒരാൾ പറയുന്നതും കേൾക്കാം.

വെള്ളിയാഴ്ച രാത്രിയിൽ ഗുഡ്ഗാവിലെ കൃതി ആശുപത്രിയിൽ ആറ് കോവിഡ് രോഗികളാണ് മരിച്ചത്. അന്നു തന്നെയാണ് വിഡിയോ എടുത്തിരിക്കുന്നത്. ഓക്സിജൻ ക്ഷാമം മൂലമാണ് മരണമെന്നാണ് വിലയിരുത്തൽ. ഇതിൽ മൂന്നു പേർ ഐസിയു രോഗികളായിരുന്നു. രോഗികളുടെ ബന്ധുക്കൾ ഐസിയുവിൽ പ്രവേശിക്കുമ്പോൾ ഇവിടെ ഡോക്ടറോ ജീവനക്കാരോ  സെക്യൂരിറ്റി പോലുമോ ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് വിഡിയോയിലുണ്ട്.

നഴ്സിങ് സ്റ്റേഷനിലൂടെയും വാർഡിലൂടെയും കാബിനുകളിലൂടെയും ഇവർ കയറിയിറങ്ങി നോക്കുന്നു. എന്നിട്ടും ആരെയും കണ്ടെത്താനായില്ല. രോഗികളെ മരിക്കാൻ വിട്ടിട്ട് എങ്ങനെയാണ് ഡോക്ടർമാർ മാറിനിൽക്കുന്നതെന്ന് ബന്ധുക്കൾ പൊലീസുകാരോട് ചോദിക്കുന്നുണ്ട്. ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ ഡോക്ടർമാരും ജീവനക്കാരും ഐസിയുവിലുള്ള രോഗികളെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഓക്സിജൻ ക്ഷാമം ആശുപത്രി അധികൃതർ സ്വയം വരുത്തിവച്ചതാണെന്നും ഇവർ ആരോപിക്കുന്നു. ‘എന്റെ അനന്തരവൻ കോവിഡ് ബാധിച്ചു മരിച്ചു. മൂന്ന് ഓക്സിജൻ സിലിണ്ടറുകൾ ഞാൻ ആശുപത്രിക്ക് വാങ്ങി നൽകി. ഇത് നിമിഷങ്ങൾക്കുള്ളിൽ തീർന്ന് അവൻ മരിച്ചു. അവിടെ വേറെ ഓക്സിജൻ ലഭ്യമായിരുന്നില്ല’– ബന്ധുക്കളിൽ ഒരാൾ പറയുന്നു.

ഓക്സിജൻ ക്ഷാമം ഉണ്ടായതോടെ രോഷാകുലരായ ബന്ധുക്കളിൽനിന്ന് രക്ഷപ്പെടുന്നതിനായി ഡോക്ടർമാർ കന്റീനിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഓക്സിജൻ ലഭ്യമല്ലെന്ന് സർക്കാരിനെ അന്ന് ഉച്ചയ്ക്ക് രണ്ടിനു തന്നെ അറിയിച്ചിരുന്നു. രോഗികളെ മറ്റെവിടേക്കെങ്കിലും മാറ്റാൻ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ ആരുമെത്തിയില്ല.

11 മണിയോടെ ആറു പേരാണ് മരിച്ചതെന്നും ആശുപത്രി ഡയറക്ടർ സ്വാതി റാത്തോഡ് പറഞ്ഞു. രോഗികളുടെ ബന്ധുക്കള്‍ പ്രകോപിതരായതോടെ ജീവൻ നഷ്ടപ്പെടുമെന്ന പേടിയിൽ ജീവനക്കാരെല്ലാരും കന്റീനിൽ ഒളിക്കുകയായിരുന്നു. ആരും ആശുപത്രി വിട്ടിരുന്നില്ല. പൊലീസ് സ്ഥലത്തെത്തിയതോടെ അവർ ജോലി പുനഃരാരംഭിച്ചു – സ്വാതി പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...