‘എന്‍റെ സുഹൃത്തുക്കൾ 130 കോടി ജനങ്ങള്‍’; രാഹുലിന്‍റെ ‘2 സുഹൃത്തി’ന് മറുപടി

modi-rahul-bengal
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രണ്ട് സുഹൃത്തുക്കൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാഷ്ട്രീയ യോഗങ്ങളിൽ പല തവണ ആവർത്തിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോദി. രാഹുലിന്റെ പേര് പറയാതെയാണ് മോദി ബംഗാളിലെ പ്രസംഗത്തിനിടെ തന്റെ സുഹൃത്തുക്കളെ കുറിച്ച് പറഞ്ഞത്. 

‘എന്റെ എതിരാളികൾ പറയുന്നു ഞാൻ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന്. ഞങ്ങള്‍ക്കൊപ്പം വളരുന്നവര്‍ ഞങ്ങളുടെ മികച്ച സുഹൃത്തുക്കളാണ്. ഞാന്‍ ദാരിദ്ര്യത്തിൽ നിന്നാണ് വളർന്നുവന്നത്. ഇന്ത്യയിലെ ഓരോ കോണിലും ജീവിക്കുന്ന പാവങ്ങളുടെ അവസ്ഥ എനിക്ക് മനസിലാകും. ആ 130 കോടി ജനങ്ങളാണ് സുഹൃത്തുക്കൾ. ഞാൻ ആ സുഹൃത്തുക്കൾക്കായി പ്രവർത്തിക്കുന്നു. അത് തുടരുക തന്നെ ചെയ്യും.’ മോദി പറയുന്നു. 

ബിജെപി മെഗാറാലിയിൽ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ചും ‘സോനാർ ബംഗ്ല’ (സുവർണ ബംഗാൾ) പ്രഖ്യാപനവുമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടത്. ബംഗാളിൽ മാറ്റം വരുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലേറിയ മമത ബാനർജി ജനങ്ങളെ വഞ്ചിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ‘ബാഗാളിലെ ജനങ്ങൾ നിങ്ങളെ (മമത) ‘ദീദി’ (മൂത്ത സഹോദരി) ആയാണ് തിരഞ്ഞെടുത്തത്. എന്നാൽ ‘ബുവ’യും (അമ്മായി) ‘ഭതിജ’യും (മരുമകൾ) ആകാനാണ് നിങ്ങൾ ശ്രമിച്ചത്.

ബംഗാളിന്റെ വികസനവും സംസ്കാരവും സംരക്ഷിക്കുന്നതിൽ ഉറപ്പു നൽകാനാണ് ഞാൻ ഇവിടെയെത്തിയത്. അടുത്ത 25 വർഷം സംസ്ഥാനത്തിന്റെ വികസനത്തിൽ നിർണായകമാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ബംഗാൾ രാജ്യത്തിന്റെ മുൻപന്തിയിലായിരിക്കും.’– മോദി പറഞ്ഞു. 

കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ബിജെപിയുടെ മെഗാറാലി. നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ബംഗാളിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ബിജെപിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തിയും റാലിയിൽ പങ്കെടുത്തു. ബംഗാളില്‍ എട്ടുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുപതോളം റാലികളില്‍ മോദി പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.

MORE IN INDIA
SHOW MORE
Loading...
Loading...