4 വർഷം, 400 ലേറെ ഇന്റർനെറ്റ് ബ്ലാക്ക്ഔട്ടുകൾ; നഷ്ടം 20,500 കോടി; നാണംകെട്ട് ഇന്ത്യ

INDIA-US-INTERNET-FACEBOOK
SHARE

സർക്കാർ നയങ്ങളോട് വിയോജിച്ച് രാജ്യത്ത് സമരം നടക്കുമ്പോഴെല്ലാം ഇന്റർനെറ്റ് സേവനം റദ്ദാക്കുന്ന നടപടി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയാണ്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ നാന്നൂറിലേറെ തവണയാണ് ഇന്റർനെറ്റ് ബ്ലാക്ക്ഔട്ട് ഉണ്ടായതെന്ന് കണക്കുകൾ പറയുന്നു.

ഒരു മണിക്കൂർ ഇന്റർനെറ്റ് ഷട്ട്ഡൗൺ((ഇന്റർനെറ്റ് നിരോധനം)  ചെയ്യുമ്പോൾ രണ്ട് കോടി രൂപയാണ് ശരാശരി നഷ്ടം വരുന്നത്. കഴിഞ്ഞ വർഷം മാത്രം സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി 83 തവണ ഷട്ട്ഡൗൺ നടത്തി. ഇത് വഴി മാത്രം 20,500 കോടി രൂപ നഷ്ടം വന്നു. പുതുവർഷം പിറന്നിട്ട് രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ പത്തിലേറെ തവണ ഇന്റർനെറ്റ് സർക്കാർ റദ്ദാക്കിക്കഴിഞ്ഞു.

ലോകത്ത് തന്നെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗണും ഇന്ത്യയിലാണെന്ന് ഫോബ്സ് മാസിക റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിനെതിരെ ഉയർന്ന പ്രതിഷേധം അടിച്ചമർത്താൻ 223 ദിവസമാണ് ഇന്റർനെറ്റ് കശ്മീരിൽ നിരോധിച്ചത്.  ജമ്മുകശ്മീരിന് പുറമേ രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും ഇന്റർനെറ്റ് നിരോധനം കാരണം വലിയ നഷ്ടം സംഭവിച്ചു. എന്നാൽ നാലു വർഷത്തിനിടയിൽ ഒറ്റത്തവണ പോലും ഇന്റർനെറ്റ് വിലക്കാത്ത സംസ്ഥാനം കേരളമാണ്. 

അടിയന്തര സാഹചര്യങ്ങളിൽ പൊതുസുരക്ഷ മുൻനിർത്തി ഇന്റർനെറ്റ് നിരോധിക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കും ഉണ്ട്. അതും കർശനമായ നിബന്ധനകൾക്കൊടുവിൽ മാത്രം. പക്ഷേ ഈ നിബന്ധനകൾ എല്ലാം കാറ്റിൽപ്പറത്തിയാണ് രാജ്യത്ത് അടിക്കടി ഇന്റർനെറ്റ് നിരോധനം സംഭവിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഡൽഹിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കാൻ സർക്കാൻ വീണ്ടും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...