‘ഭഗത് സിങിന്റെ നാട്ടുകാരാണ്; ത്യാഗം പഠിപ്പിക്കരുത്’; സിംഘുവിൽ വനിതാമുന്നേറ്റം

women-punjab
SHARE

കേന്ദ്ര കർഷക നിയമങ്ങൾക്കെതിരെ സമരം നടക്കുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ പ്രധാന വേദിക്കു മുന്നിലും പിന്നിലും ഇപ്പോൾ സ്ത്രീകളാണ്. വേദിക്കു പിന്നിൽ ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നതു സ്ത്രീകളാണെങ്കിൽ വേദിക്കു മുന്നിലും സ്ത്രീകൾ പ്രധാന റോളിൽത്തന്നെയുണ്ട്. പഞ്ചാബിലെ അമൃത്‍സറിൽനിന്നും മൊഹാലിയിൽ നിന്നും നൂറുകണക്കിനു കർഷകരാണ് ഇപ്പോഴും സിംഘുവിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അവരിൽ ഭൂരിപക്ഷവും സ്ത്രീകൾ തന്നെയാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. വനിതാ കർഷകരുടെ ദിനത്തിൽ എല്ലായിടത്തും സമരം മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരുക്കങ്ങൾക്കു ചുക്കാൻ പിടിക്കാനും അവരുണ്ട്. 

‘ഞങ്ങൾ സമരത്തിന്റെ ഭാഗമാണ്. തിരിച്ചുപോകുന്ന പ്രശ്നമേയില്ല. ഭഗത് സിങ്ങിന്റെ നാട്ടിൽനിന്നാണു ഞങ്ങൾ വരുന്നത്. ത്യാഗത്തെക്കുറിച്ച് ഞങ്ങൾക്ക് അറിയാം. അതേപ്പറ്റി ആരും ഞങ്ങളെ പഠിപ്പിക്കേണ്ടതില്ല. കർഷക കുടുംബങ്ങളിൽ നിന്നാണു ഞങ്ങൾ വരുന്നത്. ഞങ്ങളും കർഷകരാണ്. സമരത്തിന്റെ ഭാഗമായി നിന്ന് ഇതു വിജയിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സമരം എത്ര നാൾ നീളും എന്നതൊന്നും വിഷയമാക്കുന്നതേയില്ല’ കർഷക സംഘടനയുടെ വനിതാ വിഭാഗം നേതാവ് ഹരീന്ദർ ബിന്ദു ആത്മവിശ്വാസത്തോടെ പറയുന്നു. 

ഹരിയാനയിലും ഉത്തർ പ്രദേശിലും വനിതാ കർഷകർ വ്യത്യസ്ത സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നുണ്ട്. സമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കർഷകരോട് വിശദീകരിക്കുകയാണ് ഈ സമ്മേളനങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിലും ഇപ്പോൾ സ്ത്രീകൾ സമരത്തിന്റെ മുൻനിരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...