രാമക്ഷേത്രത്തിന് 1,11,111 രൂപയുടെ ചെക്ക് നൽകി ദിഗ് വിജയ് സിങ്; ഒപ്പം കത്തും

vijay-singh-ram-temple
SHARE

അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായി  ദിഗ് വിജയ് സിങ്  1,11,111 രൂപ സംഭാവന നൽകി. ശ്രീ രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് അദ്ദേഹം ചെക്ക് നൽകിയത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തും അയച്ചു. ക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്നും അദ്ദേഹം കത്തിലൂടെ മോദിയെ ഓർമിപ്പിക്കുന്നു.

ക്ഷേത്ര നിര്‍മാണത്തിനായി വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന പണപ്പിരിവിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് താന്‍ സംഭാവന നല്‍കിയതെന്നും എന്നാല്‍ ഏത് അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. 

അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് കുറഞ്ഞ സമയത്തിനുള്ളിൽത്തന്നെ 100 കോടി രൂപയോളം സമാഹരിച്ചതായി ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപട് റായി വെളിപ്പെടുത്തിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിൽനിന്ന്  5,00,100 രൂപ സ്വീകരിച്ചുകൊണ്ട് ഈ മാസം 15നാണു ധനശേഖരണം ആരംഭിച്ചത്. ഫെബ്രുവരി 27 വരെ ജനസമ്പർക്ക പരിപാടികൾ തുടരും.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കുടുംബം 5 ലക്ഷം രൂപ സംഭാവന നൽകി. ഏറ്റവും ഉയർന്ന തുക സംഭാവന നൽകിയത് റായ് ബറേലിയിലെ തേജ്ഗാവ് മണ്ഡലത്തിലെ മുൻ എംഎൽഎ സുരേന്ദ്ര ബഹാദൂർ സിങ്ങാണ്– 1,11,11,111 രൂപ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 2 ലക്ഷം രൂപയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത് 1.51 ലക്ഷവും ഗവർണർ ബേബി റാണി മൗര്യ 1.21 ലക്ഷവും നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ഉത്തർപ്രദേശിലെയും ജാർഖണ്ഡിലെയും ഗവർണർമാർ തുടങ്ങിയവരും സംഭാവന നൽകിയവരിൽ പെടുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...