15-ാം വയസ്സിൽ ഗര്‍ഭം ധരിക്കാം, പിന്നെന്തിനാണ് വിവാഹപ്രായം കൂട്ടുന്നത്: കോൺഗ്രസ് നേതാവ്

1200-marriage-ceremony.jpg.image
SHARE

പെൺകുട്ടികൾക്ക് 15–ാം വയസ്സിൽ പ്രത്യുത്പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കി ഉയർത്തുന്നത് എന്തിനാണെന്നു മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ്. കമല്‍നാഥിന്റെ അടുത്ത അനുയായിയും മുൻ പൊതുമരാമത്ത് മന്ത്രിയുമായ സജ്ജന്‍ സിങ് വർമയാണ് വിവാദ പ്രസ്താവന നടത്തിയത്.

‘ഇത് എന്റെ കണ്ടുപിടിത്തമല്ല. ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച് 15 വയസ്സിൽ ഗർഭം ധരിക്കുന്നതാണ് പെൺകുട്ടികൾക്ക് ഉത്തമം. അതുകൊണ്ടുതന്നെ, 18 വയസ്സുള്ള കുട്ടികൾ വിവാഹത്തിന് അനുയോജ്യമായ പക്വത കൈവരിച്ചതായി കണക്കാക്കുന്നു. 18 വയസ്സാകുന്നതോടെ പെൺകുട്ടികൾ അവരുടെ അമ്മായിയമ്മയുടെ വീട്ടിൽ സന്തോഷത്തോടെ കഴിയണം’– സജ്ജൻ സിങ് പറയുന്നു.

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽനിന്ന് 21 ആക്കാൻ പറയാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഒരു ശാസ്ത്രജ്ഞനോ ഡോക്ടറോ ആണോയെന്നും അദ്ദേഹം ചോദിച്ചു. സജ്ജൻ സിങ് മാപ്പു പറയണമെന്നും അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ മാത്രമല്ല രാജ്യത്തെ എല്ലാ പെണ്‍കുട്ടികളെയുമാണ് സജ്ജൻ സിങ് അപമാനിച്ചതെന്ന് ബിജെപി വക്താവ് രാഹുൽ കോത്താരി പറഞ്ഞു.

അദ്ദേഹത്തിന്റെ പാർട്ടിയുടെ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കയും വനിതകളാണെന്ന കാര്യം വർമ മറന്നുവെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ സംഭവം മൂടിവയ്ക്കുന്നതിനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരുകാരണവുമില്ലാതെ പ്രശ്നങ്ങളുണ്ടാക്കുന്നതിനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത ആറോപിച്ചു.

വനിതകൾക്കെതിരായ അതിക്രമങ്ങളിൽ അവബോധം വളർത്തുന്നതിനു നടത്തുന്ന നാലുദിന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യവേ ശിവരാജ് സിങ് ചൗഹാനാണ് വിഷയം ശ്രദ്ധയിൽകൊണ്ടുവന്നത്. വിവാഹപ്രായം ഉയർത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ 18 വയസ്സിലാണ് സ്ത്രീകൾക്ക് വിവാഹം ചെയ്യാൻ കഴിയുന്നത്. പുരുഷന്മാരുടെ 21 വയസ്സ് പ്രായത്തേക്കാളും മൂന്നു വർഷം മുൻപ്. സ്ത്രീകളുടെ വിവാഹപ്രായവും 21 ആക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...