വ്യോമസേനയ്ക്ക് കരുത്തേകാന്‍ 83 തേജസ് വിമാനങ്ങള്‍ കൂടി; 48,000 കോടിയുടെ കരാര്‍

tejas-iaf
SHARE

ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തായി 83 മാര്‍ക്ക്-1എ തേജസ് (ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ്) യുദ്ധവിമാനങ്ങള്‍ കൂടി എത്തും. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങളുടെ മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുള്ള തേജസ് പോര്‍വിമാനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയമായി നിര്‍മിക്കുന്ന നാലാം തലമുറ ലൈറ്റ് കോംപാക്ട് പോര്‍വിമാനമായ തേജസ് എംകെ-1എയില്‍ ആക്ടീവ് ഇലക്‌ട്രോണിക്കലി സ്‌കാന്‍ഡ് അറെ (എഇഎസ്എ) റഡാര്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ (ഇഡബ്ല്യു) സ്യൂട്ട്, എയര്‍-ടു-എയര്‍ റീഫ്യൂവലിങ് (എഎര്‍) എന്നിവ സജ്ജമാക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി എച്ച്എഎല്‍ സമയബന്ധിതമായി പോര്‍വിമാനങ്ങള്‍ ലഭ്യമാക്കുമെന്നു പ്രതിരോധമന്ത്രി പറഞ്ഞു. 

തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രൻ കഴിഞ്ഞ വര്‍ഷം മേയില്‍ വ്യോമസേനയുടെ ഭാഗമായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനു സമീപം സുളുരിലെ നമ്പര്‍ 18 സ്‌ക്വാഡ്രൻ - 'ദ ഫ്‌ളൈയിങ് ബുള്ളറ്റി'ലാണ് ഈ പോര്‍വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...